ഇംഫാൽ: എക്സിറ്റ് പോളുകൾ ശരിവെച്ച് മണിപ്പൂരിൽ ബി.ജെ.പി ലീഡ് തുടരുന്നു. ബി.ജെ.പി 26 സീറ്റുകളിലും കോൺഗ്രസ് 13 നിയമസഭാ മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) ഏഴ് സീറ്റുകളിലും ജെ.ഡി.യു അഞ്ച് സീറ്റുകളിലും മറ്റുള്ളവർ ഒമ്പത് സീറ്റുകളിലും മുന്നിലുണ്ട്.
രണ്ട് ഘട്ടങ്ങളായിട്ടാണ് മണിപ്പൂരിൽ ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സീറ്റുകളാണുള്ളത്. ഫെബ്രുവരി 28ന് നടന്ന ഒന്നാം ഘട്ടത്തിൽ 38 സീറ്റുകളിലേക്കായിരുന്നു മത്സരം. ബാക്കി സീറ്റുകളിലേക്ക് മാർച്ച് അഞ്ചിനായിരുന്നു തെരഞ്ഞെടുപ്പ്. മണിപ്പൂരിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചിരുന്നത്.
2017ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയ ബി.ജെ.പി നാല് വീതം സീറ്റുകളുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയുമായി ചേർന്ന് അധികാരത്തിൽ വരികയായിരുന്നു. ലോക് ജനശക്തി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരുടെ ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും ബി.ജെ.പിക്ക് പിന്തുണ നൽകി. നോങ്തോംബം ബിരേൻ സിങ് ആയിരുന്നു മുഖ്യമന്ത്രി. അതേസമയം, ഇത്തവണ ബി.ജെ.പി ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കഴിഞ്ഞതവണ 28 സീറ്റുകൾ ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് ഇത്തവണ ഭരണത്തിലേറാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോൺഗ്രസും സി.പി.ഐയും ചേർന്ന് മണിപ്പൂർ പ്രോഗസീവ് സെക്യൂലർ അലയൻസ് എന്ന സഖ്യം രൂപീകരിച്ചിട്ടുണ്ട്. സി.പി.എം, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ജനതാദൾ (എസ്), ഫോർവേഡ് ബ്ലോക്ക് എന്നിവയുടെ പിന്തുണയും ഈ സഖ്യത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.