ദിസ്പൂർ: കാറിൽ വോട്ടിങ് യന്ത്രം കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി അസമിലെ ബി.ജെ.പി എം.എൽ.എയും സ്ഥാനാർഥിയുമായ കൃഷ്ണേന്ദു പാൽ. വോട്ടിങ് യന്ത്രം മോഷ്ടിച്ചുവെന്ന ആരോപണം നിഷേധിച്ച അദ്ദേഹം തന്‍റെ ഡ്രൈവർ പോളിങ് ഉദ്യോഗസ്ഥരെ സഹായിക്കുകയായിരുന്നുവെന്ന് പറഞ്ഞു.
'എന്‍റെ ഡ്രൈവർ കാറിലുണ്ടായിരുന്നു. പോളിങ് ഉദ്യോഗസ്ഥർ അയാളോട് സഹായത്തിന് അപേക്ഷിച്ചു. ബി.ജെ.പി സ്ഥാനാർഥിയാണെന്ന് തെളിയിക്കുന്ന ഒരു പാസ് എന്‍റെ കാറിൽ പതിച്ചിരുന്നു. ഉദ്യോഗസ്ഥർ ഇക്കാര്യം അറിഞ്ഞിരുന്നോ ഇല്ലയോ എന്നത് എനിക്ക് തീർച്ചയില്ല. ഞങ്ങൾ അവരെ സഹായിക്കുക മാത്രമായിരുന്നു' -കൃഷ്ണേന്ദു പാൽ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.
സംഭവത്തിൽ നാല് േപാളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. വോട്ടെടുപ്പ് നടന്ന ബൂത്തിൽ റീേപാളിങ് നടത്താനാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം. രാധബാരി മണ്ഡലത്തിലെ 149ാം നമ്പർ ബൂത്തിലാണ് റീപോളിങ് നടത്തുക.
രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാർകണ്ടി എം.എൽ.എ കൃഷ്ണേന്ദു പാലിന്‍റെ വാഹനത്തിൽ നിന്ന് വോട്ടിങ് മെഷീൻ കണ്ടെടുത്തത്. ജനങ്ങൾ വാഹനം തടയുകയും ഇ.വി.എം കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചിരുന്നു. തുടർന്ന് സ്ഥലത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
കൃഷ്ണേന്ദു പാലിന്‍റെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതാണ് വാഹനം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കൃഷ്ണേന്ദു പാൽ ഇത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സത്യവാങ്മൂലത്തിൽ AS10B0022 രജിസ്ട്രേഷൻ ബൊലേറോ കാറിന്‍റെ വിവരം വെളിപ്പെടുത്തിയിരുന്നു. വാഹനത്തിൽനിന്ന് ഇ.വി.എം പിടികൂടിയതോടെ ജില്ല തെരഞ്ഞെടുപ്പ് അധികൃതർ സ്ഥലത്തെത്തിയപ്പോൾ പോളിങ് ഓഫിസറോ തെരഞ്ഞെടുപ്പ് കമീഷൻ അധികൃതരോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഇ.സി അധികൃതർ വ്യക്തമാക്കി. ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ അസം മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
അസം ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ അദാനു ഭുയാനാണ് സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. പാതാർകണ്ടിയിൽ സ്ഥിതിഗതികൾ കടുത്തതാണെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
AS 10B 0022 രജിസ്ട്രേഷൻ നമ്പറിലെ വെളുത്ത സ്േകാർപിയോയിൽ പെട്ടിയിലാക്കിയ ഇ.വി.എം വെച്ചിരിക്കുന്നത് വിഡിയോയിൽ കാണാം. ബി.ജെ.പി എം.എൽ.എ കൃഷ്ണേന്ദു പാലിന്‍റെ വാഹനമാണിതെന്ന് തടിച്ചുകൂടിയ ജനങ്ങൾ പറയുന്നതും വിഡിയോയിൽ കേൾക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.