കോഴിക്കോട്: വോട്ടെണ്ണൽ ഫലം വരുന്നതുവരെ ജയം ഉറപ്പാണെന്നാണ് ഏതൊരു പാർട്ടിയും അവകാശപ്പെടുക. ജില്ലയിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് ബി.ജെ.പിയും പറയുന്നത്. മുന്നേറ്റമെന്നത് വിജയമാണോയെന്ന് ചോദിച്ചാൽ മെച്ചപ്പെട്ട പ്രകടനം എന്നേ ഉദ്ദേശിക്കുന്നുള്ളൂവെന്ന് നേതാക്കൾ രഹസ്യമായി പറയും.
കാടിളക്കി തുടങ്ങിയ പ്രചാരണത്തിന് പിന്നീട് വേഗക്കുറവുണ്ടായെങ്കിലും പരമാവധി വോട്ട് സ്വന്തമാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ചില മണ്ഡങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയാൽ വിജയത്തിന് തുല്യമാകുമെന്നാണ് വിലയിരുത്തൽ.
പാർട്ടിയുടെ ചരിത്രത്തിൽ കോഴിക്കോട്ട് ഇതുവരെ രണ്ടാം സ്ഥാനമെന്ന നേട്ടത്തിലെത്തിയിട്ടില്ല. കോഴിക്കോട് നോർത്ത്, കുന്ദമംഗലം, എലത്തൂർ മണ്ഡലങ്ങളിലാണ് ബി.ജെ.പി ഏറെ പ്രതീക്ഷ പുലർത്തുന്നത്. നോർത്തിൽ തുടക്കത്തിൽ പ്രചാരണത്തിൽ ബി.ജെ.പി സ്ഥാനാർഥിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.ടി. രമേശ് ഇതര മുന്നണികളേക്കാൾ മുന്നേറിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്ക് വേണ്ടി രമേശ് നഗരത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നതുമാണ്.
രണ്ടാം സ്ഥാനം ഉറപ്പിച്ച മട്ടിലായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിൽ നോർത്തിൽ ബി.ജെ.പിയുടെ പ്രചാരണക്കൊഴുപ്പ്. എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥിയും കെ.എസ്.യു സംസ്ഥാന പ്രസിഡൻറുമായ കെ.എം. അഭിജിത് നിറഞ്ഞുനിന്നതോടെ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായി. അവസാന ഘട്ടത്തിൽ രമേശിെൻറ പ്രചാരണത്തിന് ആവേശവും കുറഞ്ഞു. ഇത്തവണ ജില്ലയിൽ ബി.ജെ.പിക്ക് മികച്ച മുന്നേറ്റുണ്ടാവുക എലത്തൂരിലായിരിക്കും.
ഉത്തരമേഖല അധ്യക്ഷനും മുൻ ജില്ല പ്രസിഡൻറുമായ ടി.പി. ജയചന്ദ്രന് രണ്ടാം സ്ഥാനം നേടാനുള്ള രാഷ്ട്രീയ കാലാവസ്ഥയായിരുന്നു എൽ.ഡി.എഫ് കോട്ടയിലുണ്ടായിരുന്നത്. എൻ.സി.കെയുടെ സുൽഫിക്കർ മയൂരിയെ യു.ഡി.എഫ് സ്ഥാനാർഥിയാക്കിയത് കോൺഗ്രസ് പ്രവർത്തകർക്ക് ഇഷ്ടമായിരുന്നില്ല. പ്രധാന നേതാക്കളെല്ലാം പ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നു. ഇടഞ്ഞ കോൺഗ്രസുകാരുടെ വോട്ട് ടി.പി. ജയചന്ദ്രന് കിട്ടുമെന്നാണ് ബി.ജെ.പിയുടെ പ്രതിക്ഷ. പകരം മറ്റെവിടെയെങ്കിലും യു.ഡി.എഫിന് ബി.ജെ.പിയുടെ വോട്ട് കിട്ടുമോയെന്നതും ചർച്ചാവിഷയമാണ്.
കൊയിലാണ്ടി, ബാലുശ്ശേരി, കൊടുവള്ളി മണ്ഡലങ്ങളിൽ ബി.ജെ.പി പ്രചാരണത്തിന് പതിവ് ഉഷാറുണ്ടായിരുന്നില്ല. കൊയിലാണ്ടിയിൽ യു.ഡി.എഫ് സ്ഥാനാർഥി എൻ. സുബ്രഹ്മണ്യന് ബി.ജെ.പി വോട്ടുകൾ മറിഞ്ഞതായി എൽ.ഡി.എഫിന് പേടിയുണ്ട്. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ മണ്ഡലമായ ബാലുശ്ശേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിെൻറ പകുതിപോലും ഉഷാറില്ലായിരുന്നു ബി.ജെ.പിക്ക്.
എ ക്ലാസ് മണ്ഡലങ്ങളിൽപ്പെടുന്ന കുന്ദമംഗലത്ത് ജില്ല പ്രസിഡൻറ് വി.കെ. സജീവനും രണ്ടാം സ്ഥാനം പാർട്ടി പ്രതീക്ഷിക്കുന്നു. എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണ ബി.ജെ.പി വോട്ടുകളടക്കം ആകർഷിച്ചതായാണ് സൂചന. കഴിഞ്ഞ തവണ ബി.ജെ.പിക്ക് വോട്ടു ചെയ്തവരിൽ ചിലർ ഇത്തവണ ദിനേശ് പെരുമണ്ണക്ക് അനുകൂല നിലപാടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.