ദിവസങ്ങൾ നീണ്ട പ്രചാരണച്ചൂടിന് വിട. സ്ഥാനാർഥികൾക്ക് ഇനി കാത്തിരിപ്പിെൻറ നാളുകൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിറകെ അവലോകന യോഗങ്ങളും മറ്റുമായി എല്ലാവരും തിരക്കിലാണ്. പ്രചാരണത്തിനിടെ ഉള്ളുലച്ച അനുഭവങ്ങളും മനസ്സിൽ തട്ടിയ കാഴ്ചകളുമുണ്ട്. പ്രചാരണച്ചൂടിലും മനസ്സ് തണുപ്പിച്ച അത്തരം അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് മത്സര രംഗത്തുണ്ടായിരുന്ന വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ.
വി. അബ്ദുറഹ്മാൻ, താനൂർ
താനൂരിൽ കഴിഞ്ഞ തവണ അട്ടിമറി ജയം നേടിയതിന് ശേഷം മാതൃവന്ദനം എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. 2000ത്തോളം വരുന്ന അമ്മമാരെയാണ് അന്ന് പുടവ നൽകി ആദരിച്ചത്. അവരത് നിധി പോലെ സൂക്ഷിച്ചിരുന്നു. അത് വാങ്ങിപ്പോകുേമ്പാൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്.
ഇത്തവണ പ്രചാരണത്തിനായി വീടുകൾ കയറിയിറങ്ങിയപ്പോൾ അവരിൽ ചിലർ കാണാനെത്തിയത് ആ പുടവ ചുറ്റിയായിരുന്നു. മാതൃവാത്സല്യം അനുഭവിച്ചറിഞ്ഞ പ്രതീതിയായിരുന്നു അപ്പോൾ. സാരി ഉടുക്കാത്തവർ അലമാരയിൽ ചുളിവു വീഴാതെ മടക്കിവെച്ചത് എടുത്ത് കാണിച്ചു തന്നു.
പ്രചാരണത്തിന് ഞാനെത്തുന്നുവെന്നറിഞ്ഞ് എന്നെ ആർദ്രരായി എതിരേറ്റ അമ്മമാരുടെ ഓർമകളേക്കാൾ വലുതായി ഒന്നും പറയാനില്ല. ഞാൻ കാണാതെ പോന്നപ്പോൾ ചില അമ്മമാരുടെ മനസ്സ് വിഷമിച്ചു. അതറിഞ്ഞ് കിലോമീറ്ററുകൾ തിരിച്ച് യാത്ര ചെയ്ത് അവരെ കണ്ട് അനുഗ്രഹം വാങ്ങിയിട്ടുണ്ട്.
ഒരു മകനായാണ് അവരെന്നെ കണ്ടത്. ചുളിവ് വീണ കൈകൾ എെൻറ നെറുകയിൽ വെച്ച് പ്രാർഥിച്ച അമ്മമാരുടെ സ്നേഹത്തേക്കാൾ മികച്ച ഒരനുഭവവും എനിക്ക് ഈ തെരഞ്ഞെടുപ്പുകാലത്ത് ഓർത്തെടുക്കാനില്ല.
പി.കെ. ഫിറോസ്, താനൂർ
പ്രചാരണത്തിനിടയിലാണ് ആ മാതാവിെൻറ കൈകൾ എെൻറ വാഹനത്തിന് നേരെ നീണ്ടത്. ഉണ്യാലിലാണെന്ന് തോന്നുന്നു. സ്ഥലം കൃത്യമായി ഓർമയില്ല. വാഹനം അവർ കൈ കാണിച്ച് നിർത്തുകയായിരുന്നു. വാഹനം അവർക്കരികിൽ നിന്നപ്പോൾ ഒരു പൊതി എനിക്കു നേരെ നീട്ടി.
എന്തെങ്കിലും പരാതിയായിരിക്കുമെന്നാണ് കരുതിയത്. തുറന്നു നോക്കിയപ്പോൾ 500 രൂപ. മിഴിച്ചുനിന്ന എന്നെ നോക്കി അവർ പറഞ്ഞത്, മോെൻറ ചെലവിലേക്ക് വെച്ചോ എന്നായിരുന്നു. കടുത്ത ചൂടിലും മനസ്സ് തണുത്തു. മൂന്ന് പെൺകുട്ടികൾ തളർന്നുകിടക്കുന്ന വീട്ടിൽ വോട്ടഭ്യർഥിക്കാൻ പോയത് നോവിച്ച ഓർമയാണ്.
15നും 20നും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികളും കിടപ്പാണ്. ദയനീയാവസ്ഥ പ്രകടമാകുന്ന വീട്. എവിടെയാണതെന്ന് കൃത്യമായി ഓർമയില്ല. ഒാട്ടത്തിനിടയിൽ അവരോട് ഒന്നും പറയാനുമായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അവരെ കാണാമെന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്ക് പാലിക്കണമെന്നുണ്ട്. കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ ദയനീയാവസ്ഥയാണ് ഉള്ളിൽ തട്ടിയ മറ്റൊരനുഭവം.
നിറമരുതൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണതെന്ന് ഓർമയുണ്ട്. ഓലമേഞ്ഞ വീട്ടിൽ കിണറുണ്ട്. എന്നാൽ, ചളിവെള്ളമാണ്. കുടിവെള്ളത്തിനായി കാത്തുനിൽക്കുന്നവരുടെ അനുഭവവും വേദനിപ്പിക്കുന്നതാണ്.
ടി.വി. ഇബ്രാഹിം, കൊണ്ടോട്ടി
കൊണ്ടോട്ടി നഗരത്തിൽ വോട്ടഭ്യർഥിക്കുന്നതിനിടയിലാണ് മേഴ്സി ആശുപത്രിയിൽ കയറിയത്. അകത്തേക്ക് കടക്കുേമ്പാൾ ആംബുലൻസിൽ ഒരു രോഗിയെ മറ്റൊരാശുപത്രിയിേലക്ക് കൊണ്ടുപോകുന്നത് കണ്ടു. യാദൃച്ഛികമായാണ് ആംബുലൻസിലേക്ക് നോക്കിയത്. ബാത്ത്റൂമിൽ വീണ് നട്ടെല്ലിന് പരിക്കേറ്റ സ്ത്രീയാണ് അതിനുള്ളിലുണ്ടായിരുന്നത്.
അപകടം പിണഞ്ഞതിന് ശേഷം എന്നെ കാണണമെന്ന് പലതവണ അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കാണാനായിരുന്നില്ല. അവരാണ് അപ്രതീക്ഷിതമായി എെൻറ മുന്നിൽ വന്നിരിക്കുന്നത്. ആംബുലൻസിന് അകത്തുവെച്ചാണെങ്കിലും അവരെ കാണാനായത് പ്രചാരണ തിരക്കിനിടയിലെ ഓർമകളിൽ തങ്ങിനിൽക്കുന്ന ഒന്നാണ്.
വോട്ടെടുപ്പ് ദിവസം ബൂത്തുകൾ സന്ദർശിക്കുന്നതിനിടെയാണ് ഏഴു വയസ്സുകാരനെ കണ്ടത്. എന്നെ കണ്ടപ്പോൾ അടുത്തു വന്ന് മുതിർന്നവർ ചോദിക്കുന്നതു പോലെ നിങ്ങൾ ജയിക്കില്ലേ എന്നായിരുന്നു അവെൻറ നിഷ്കളങ്കമായ ചോദ്യം.
ആന്തിയൂർ ബൂത്തിലെത്തി കാറിൽ നിന്നിറങ്ങിയ ഉടൻ മറ്റൊരു കുട്ടി ആവേശത്തോടെ ബോസ് വന്നിരിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞ് പിടിച്ചുവലിച്ച് കൊണ്ടുപോയി ഫോട്ടോ എടുപ്പിച്ച അനുഭവവും ആഹ്ലാദം നൽകുന്നതായിരുന്നു.
അഡ്വ. ടി.കെ. റഷീദലി, മങ്കട
വീടിെൻറ നാലു ചുമരുകള്‍ക്കിടയില്‍ ജീവിതം തളച്ചിടേണ്ടിവന്ന നിത്യരോഗികളും കിടപ്പിലായവരുമായ മനുഷ്യരുടെയും അവരെ പരിചരിച്ച് കഴിയുന്ന ബന്ധുക്കളുടെയും അവസ്ഥ വളരെ ദയനീയമാണ്. ജീവിതത്തിെൻറ എല്ലാ സന്തോഷങ്ങളില്‍നിന്നും ആഘോങ്ങളില്നിന്നും മാറ്റിനിര്ത്തപ്പെടുന്നവരാണിവര്.
പ്രചാരണത്തിനിടെ നൊമ്പരപ്പെടുത്തിയ ദൃശ്യങ്ങളും ഇതായിരുന്നു. കുടിവെള്ളത്തിനു വേണ്ടി പ്രയാസപ്പെടുന്ന വീട്ടമ്മമാരുടെ സങ്കടങ്ങളും മനസ്സില്‍ വല്ലാതെ വേദനയുണ്ടാക്കി. വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും കുടിവെള്ളത്തിനായി പ്രയാസപ്പെടുന്നുണ്ട്.
നല്ല ആസൂത്രണമുണ്ടെങ്കില്‍ മണ്ഡലത്തിലെ പുഴകള്‍ ഉപയോഗപ്പെടുത്തി ഇത് പരിഹരിക്കാന്‍ കഴിയുന്നതേയുള്ളു. ചേരിയം മലയിലെ ആദിവാസികളുടെ അവസ്ഥയും ഇതുതന്നെ. ഇവരുടെ ആവാസ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതോടെ അടിസ്ഥാന വിഷയമായ കുടിവെള്ളത്തിന് ഇപ്പോഴും കഷ്ടപ്പെടുകയാണ്. അടിസ്ഥാന വിഭാഗത്തിെൻറ പുരോഗതിക്ക് വീടും വൈദ്യുതിയും മാത്രം പോരാ.
സാമൂഹികമായി ഇവര്‍ക്ക് മറ്റൊരുപാട് സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. യുവാക്കള്‍ക്ക് കായിക വിനോദത്തിനും മറ്റുമായി കളിസ്ഥലങ്ങളും ടര്‍ഫ് അടക്കമുള്ള സൗകര്യങ്ങളും ആവശ്യമാണ്.
ആബിദ് ഹുസൈൻ തങ്ങൾ, കോട്ടക്കൽ
1965ൽ എെൻറ പിതാവ് കെ.കെ.എസ്. തങ്ങൾ മങ്കടയിൽ മത്സരിക്കുേമ്പാൾ വോട്ട് ചെയ്തയാളെ പ്രചാരണത്തിനിടയിൽ കണ്ടുമുട്ടിയതാണ് വേറിട്ട അനുഭവങ്ങളിലൊന്ന്.
വളാഞ്ചേരി കൊളമംഗലത്താണെന്നാണ് ഓർമ. വീടു കയറി വോട്ടു ചോദിക്കുന്നതിനിടയിൽ സ്ഥാനാർഥിയാണെന്ന് പരിചയപ്പെടുത്തിയപ്പോഴാണ് 90 പിന്നിട്ട വയോധികനായ മനുഷ്യൻ എന്നോട് ബാപ്പക്ക് വോട്ടു കൊടുത്ത കാര്യം പറഞ്ഞത്. മങ്കടയിൽ നിന്ന് അദ്ദേഹത്തിെൻറ കുടുംബം വളാഞ്ചേരിയിലേക്ക് താമസം മാറുകയായിരുന്നു.
കെ.കെ.എസ്. തങ്ങൾക്കും മകനും വോട്ടു ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്ന ആ മനുഷ്യെൻറ മുഖം ഇപ്പോഴും മനസ്സിലുണ്ട്. പ്രായമായി അവശരായി കിടക്കുന്ന സ്ത്രീകളുള്ള വീട്ടിൽ കയറിച്ചെന്ന് സ്ഥാനാർഥിയാണെന്ന് പരിചയപ്പെടുത്തുേമ്പാൾ 'തങ്ങളല്ലേ' എന്ന് തിരിച്ചുചോദിച്ച് തിരിച്ചറിഞ്ഞവരുണ്ട്.
അവശതക്കിടയിലും അവർ നമ്മെള തിരിച്ചറിയുന്നു എന്നത് പ്രചാരണ തിരക്കിനിടയിലെ നനുത്ത ഓർമകളാണ്.
പി. ഉബൈദുല്ല, മലപ്പുറം
പൂക്കോട്ടൂർ പഞ്ചായത്തിലെ കൂമ്പാറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ഞാൻ. ഒരു ആൺകുട്ടി എെൻറ അടുക്കൽ വന്നു ചിരിച്ചു. അവനെന്തോ പറയാനുണ്ടെന്ന് മുഖഭാവത്തിൽനിന്ന് വായിച്ചെടുത്തു. ഇപ്പോൾ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പ് കാലത്ത് ഞാനവന് ഒരു വാഗ്ദാനം നൽകിയിരുന്നെന്ന് ഓർമിപ്പിച്ചു.
തെരഞ്ഞെടുപ്പിൽ ജയിച്ചാൽ സൈക്കിൾ വാങ്ങിത്തരാമെന്ന്. അഞ്ചു വയസ്സായിരുന്നു അന്നവന്. സത്യം പറഞ്ഞാൽ ഞാനക്കാര്യം മറന്നുപോയിരുന്നു.
അതിനു വേണ്ടി അവൻ കാത്തിരുന്നത് അഞ്ചു കൊല്ലമാണ്. വാഗ്ദാനം നിറവേറ്റാത്ത ജനപ്രതിനിധിയെ വോട്ടർമാർ 'കൈകാര്യം' ചെയ്യുന്നപോലെ അവൻ എന്നോട് മുഖത്ത് നോക്കിത്തന്നെ കാര്യം പറഞ്ഞു. ഇനി മറക്കില്ലെന്ന് ഞാനും. തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഒരു പുത്തൻ സൈക്കിളുമായി അവനെ കാണാൻ പോവുന്നുണ്ട്. അഞ്ചു കൊല്ലം കാത്തിരുന്നില്ലേ. ഒരുമാസംകൂടി ക്ഷമിക്കാതിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.