ആലപ്പുഴ: വോട്ടിനെക്കാൾ വലുതല്ല ദാസപ്പെൻറ ജീവിതപ്രാരബ്ധം. കൈനകരി പഞ്ചായത്തിലെ കനകാശേരി പാടശേഖരത്തിലെ മടവീഴ്ചയിൽ ദുരിതംപേറുന്ന 400 കുടുംബങ്ങളുടെ പ്രശ്നപരിഹാരത്തിനും രാഷ്ട്രീയക്കാരുടെ ഇടപെടലിനുമായി അവർ 'വോട്ട്' ബഹിഷ്കരിക്കാൻ തീരുമാനിച്ചു.
മുന്നിട്ടിറങ്ങിയ ചെറുപ്പക്കാരുടെ ആവശ്യം ന്യായമാണെന്ന് അറിഞ്ഞവരും കേട്ടവരുമെല്ലാം സമ്മതിച്ചു. എന്നാൽ, വോട്ടെടുപ്പ് ദിവസമെത്തിയപ്പോൾ തലമുതിർന്നവരടക്കം കൂടെക്കൂടിയവരെല്ലാം മലക്കംമറിഞ്ഞു. വോട്ടിെൻറ വിലയറിഞ്ഞായിരുന്നു അവരുടെ മനംമാറ്റം.
കർഷക തൊഴിലാളിയായ കുട്ടമംഗലം കായിപ്പുറം വീട്ടിൽ 62കാരൻ ദാസപ്പൻ പറയുന്നത് ഇങ്ങനെ: മൂന്നുരൂപ ദിവസക്കൂലിക്ക് പണിയെടുത്തകാലം മുതൽ വോട്ട് മുടക്കിയിട്ടില്ല. ആവർത്തിക്കുന്ന മടവീഴ്ചയിൽ മൂന്ന് പാടശേഖരങ്ങളുടെ നെൽകൃഷിയാണ് ഇല്ലാതായത്.
ജോലിയും കൂലിയും ഇല്ലാതായി. 291രൂപ ദിവസക്കൂലിക്ക് വല്ലപ്പോഴും കിട്ടുന്ന തൊഴിലുറപ്പ് ജോലിയും ആട് വളർത്തലുമാണ് ഇപ്പോഴത്തെ ആശ്വാസം.
വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്തെ എല്ലാവരുടെയും വീടിന് അകത്തും പുറത്തും വെള്ളമാണ്. ബണ്ട് ബലപ്പെടുത്തി മോചനം സാധ്യമാക്കാൻ മുന്നിട്ടിറങ്ങിയ ചെറുപ്പക്കാർ പറയുന്നതിലും കാര്യമുണ്ട്. അവർക്ക് പിന്തുണയുമായി എത്തിയവർപോലും മാറിനിൽക്കാതെ വോട്ടെടുപ്പിൽ പങ്കാളികളായി.
അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനാധിപത്യത്തിെൻറ മൗലിക അവകാശം വിനിയോഗിക്കാൻ കിട്ടിയ അവസരമാണ്. അത് മുടക്കിയുള്ള സന്തോഷമൊന്നും വേണ്ട. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്തുനിന്ന് ഇക്കുറിയും പതിവുരീതി മുടക്കാതെയാണ് പോയത്.
ചിറയിൽകെട്ടിയുണ്ടാക്കിയ കരയിലേക്ക് നോക്കി വള്ളക്കാരൻ നീട്ടിവിളിച്ചപ്പോൾ മറ്റൊന്നും ആലോചില്ല. ഭാര്യ തങ്കമ്മയെയും കൂട്ടി കായലിലൂടെ കിലോമീറ്റർ താണ്ടി മുട്ടേൽപാലത്തിന് സമീപത്തെ ക്രിസ്ത്യൻ ദേവാലയത്തിലെ ഹാളിൽ ഒരുക്കിയ ബൂത്തിെലത്തി വോട്ട് വിനിയോഗിച്ചു.
മൂന്നുവർഷമായി നാലുതവണയുണ്ടായ മടവീഴ്ചയിൽ പൂർണമായും ഒറ്റപ്പെട്ട കുട്ടമംഗലം, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലെ കൃഷിയും നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. കുറ്റിയടിക്കാതെ മണൽചാക്കിൽ മടകുത്തിയതിനൊപ്പം ആവർത്തിച്ചുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് ആഘാതം ഇരട്ടിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.