തിരുവനന്തപുരം: നിലനിർത്താൻ ഇടതും പിടിച്ചെടുക്കാൻ യു.ഡി.എഫും സകല അടവുകളും പുറത്തെടുക്കവെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്.
കൊണ്ടും കൊടുത്തും മുന്നേറുകയാണ് മുന്നണികൾ. ഏപ്രിൽ നാലിന് പരസ്യ പ്രചാരണം അവസാനിക്കും. അഞ്ചിന് നിശ്ശബ്ദ പ്രചാരണത്തിനും ശേഷം ആറിന് കേരളം ബൂത്തിലേക്ക് നീങ്ങും. 80 വയസ്സ് കഴിഞ്ഞവർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവർ അടക്കമുള്ളവർക്ക് പോസ്റ്റൽ വോട്ടിങ് ആരംഭിച്ചു.
ഒരാഴ്ച മാത്രം ബാക്കിനിൽക്കെ പ്രചാരണത്തിലെ പോരായ്മകൾ പരിഹരിച്ച് മുന്നേറാനുള്ള നീക്കത്തിലാണ് മുന്നണികൾ. മണ്ഡലപര്യടനം, വീടുകയറി പ്രചാരണം, കവലപ്രസംഗങ്ങൾ, റോഡ് ഷോകൾ എന്നിവ തുടരുന്നു. വിവാദങ്ങളുടെ മലവെള്ളപ്പാച്ചിലുണ്ടായി. ഒടുവിലത് അരി രാഷ്ട്രീയത്തിലും ഇരട്ടവോട്ടിലും വരെ എത്തിനിൽക്കുന്നു.
യു.ഡി.എഫിനെ അന്നംമുടക്കിയെന്ന് ഭരണപക്ഷം ആരോപിക്കുേമ്പാൾ 2016 ൽ അരിയും കുടിവെള്ളവും കൊടുക്കുന്നതിനെതിരെ സി.പി.എമ്മെടുത്ത നിലപാട് യു.ഡി.എഫ് മറുപടിയായി ഉയർത്തുന്നു. കൂടുതൽ തലങ്ങളിലേക്ക് വളർന്ന സ്വർണക്കടത്ത്, ആഴക്കടൽ മത്സ്യബന്ധനം, ഇരട്ടവോട്ട്, സ്പ്രിൻക്ലർ, മൊബിലിറ്റി, കൺസൾട്ടൻസി രാജ്, സാമ്പത്തികപ്രതിസന്ധി അടക്കം വിവാദങ്ങൾ യു.ഡി.എഫും ഉന്നയിക്കുന്നു.
വികസനനേട്ടങ്ങളാണ് ഇടതുപക്ഷം ഉയർത്തുന്നത്. പെൻഷൻ, ഭക്ഷ്യകിറ്റ് അടക്കം ക്ഷേമരംഗത്ത് നൽകിയ സംഭാവനകളും പ്രചാരണത്തിന് ഉപയോഗിക്കുന്നു. കേന്ദ്ര ഏജൻസികൾക്കെതിരായ പൊലീസ് കേസും ജുഡീഷ്യൽ അന്വേഷണവും കൊണ്ട് സ്വർണക്കടത്തിനെതിരെ പ്രതിരോധം തീർക്കുന്നു.
ഇരുമുന്നണികളെയും ആക്രമിച്ചാണ് ബി.ജെ.പി മുന്നേറുന്നത്. ഇക്കുറി പ്രചാരണരംഗത്തെ പ്രധാന വിവാദം സി.പി.എം-ബി.ജെ.പി ഡീലും കോലീബി സഖ്യവുമാണ്. ഇരുവരും പരസ്പരം ബി.ജെ.പി ബന്ധം എതിരാളികളിൽ ഉയർത്തുന്നു. ശബരിമലവിഷയം കെട്ടടങ്ങാതെ നീറിപ്പുകയുകയാണ്. യു.ഡി.എഫും ബി.ജെ.പിയും വിഷയം ഉയർത്തുേമ്പാൾ മറുപടി പറയാതിരിക്കാൻ ഇടതിനുമാവില്ല. ദേവസ്വംമന്ത്രിയുടെ ഖേദപ്രകടനം എതിരാളികൾ ആയുധമാക്കുേമ്പാൾ ആ ഖേദപ്രകടനത്തെ പാർട്ടി തള്ളി.
മൂന്നരലക്ഷത്തിലേറെ ഇരട്ടവോട്ടുണ്ടെന്ന യു.ഡി.എഫ് ആരോപണത്തെ ഭരണപക്ഷം പരിഹസിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ തന്നെ പരിശോധന നടത്തുകയാണ്. അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാനും മണ്ഡലങ്ങൾ ഉഴുതുമറിക്കാനും ചാഞ്ചാടിനിൽക്കുന്ന വോട്ടുകൾ വശത്താക്കാനും ദേശീയനേതാക്കളുടെ പട തന്നെയുണ്ട്. ഏത് വിധേനയും വിജയം കൈപ്പിടിയിലൊതുക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.