കൊച്ചി: ഫ്ലക്സും ബോർഡും വെക്കാൻ 'ഭായി'മാർ. വീടുകളിൽ കയറിയിറങ്ങാൻ പ്രത്യേകം കമ്പനി ജീവനക്കാരും. ഏത് മണ്ഡലത്തിലും ബൈക്ക് റാലി നടത്താൻ സജ്ജമായി യുവനിര.
എല്ലാവരും ധരിക്കുക മുന്നിൽ ട്വൻറി20യെന്നും പിന്നിൽ ചിഹ്നമായ പൈനാപ്പിളും പതിച്ച ടീ ഷർട്ടുകൾ. കോർപറേറ്റ് ചിട്ടവട്ടങ്ങൾക്ക് അനുസരിച്ച ഇവൻറ് മാനേജ്മെൻറാണ് കിഴക്കമ്പലം ട്വൻറി20 രാഷ്ട്രീയ പാർട്ടിക്ക് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം.
എറണാകുളം ജില്ലയിൽ ഇടതുവലത് മുന്നണികൾക്ക് ഒപ്പംതന്നെ പ്രചാരണത്തിൽ സജീവമാണ് ട്വൻറി20. കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിൽ മാത്രമാണ് പാർട്ടിക്ക് ഭരണമെങ്കിലും എട്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. സ്വന്തം ശക്തികേന്ദ്രമായ കിഴക്കമ്പലം ഉൾക്കൊള്ളുന്ന കുന്നത്തുനാട് മണ്ഡലത്തിലാണ് പ്രധാന ശ്രദ്ധ.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ നാലും ട്വൻറി20യുടെ ഭരണത്തിൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വൻറി20 കുന്നത്തുനാട് മണ്ഡലത്തിൽ നേടിയത് 39,164 വോട്ടാണ്. അത് നിലനിർത്തി എത്രത്തോളം അധികവോട്ടുകൾ പിടിക്കാൻ കഴിയുമെന്നതിലാണ് പാർട്ടിയുടെ ശ്രദ്ധ.
കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ, വൈപ്പിൻ, കൊച്ചി, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളാണ് ട്വൻറി20 മത്സരിക്കുന്ന മറ്റിടങ്ങൾ. മണ്ഡലങ്ങളിൽ ഓരോന്നിലും ദിനംപ്രതി 2500 മുതൽ 3000 വീടുകൾ വരെ കയറിയിറങ്ങി പാർട്ടി ആശയം പ്രചരിപ്പിക്കാൻ കിഴക്കമ്പലത്തുനിന്ന് കിറ്റെക്സ് കമ്പനിയുടെ ബസുകളിൽ ആളെ ഇറക്കുന്നുണ്ട്.
ഓരോരുത്തരും ടാർജറ്റ് അടിസ്ഥാനത്തിൽ വീടുകളിൽ കയറി നോട്ടീസ് നൽകും. നട്ടുച്ചക്ക് ട്വൻറി20 ടീ ഷർട്ടും ധരിച്ച് വീടുകളിൽ കയറിയിറങ്ങുന്ന പ്രായമായ കമ്പനി തൊഴിലാളികളുടെ വിഡിയോ നാട്ടുകാർ പകർത്തിയത് അടുത്തിടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ വൈറലാണ്.
ട്വൻറി20 ആശയം പ്രചരിപ്പിക്കുന്ന വീടുകളിൽ 80 ശതമാനവും തങ്ങൾക്ക് അനുകൂലമാണെന്ന് അവകാശപ്പെടുന്നു, പാർട്ടി പ്രസിഡൻറ് സാബു എം. ജേക്കബ്.
കേരളത്തിലെ ചുവരെഴുത്തുകളിൽനിന്ന് വ്യത്യസ്തമാണ് ട്വൻറി20യുടേത്. പ്രത്യേകം ഡിസൈൻ ചെയ്ത കമ്പനി പരസ്യംപോലുള്ള ചുവരെഴുത്തുകൾ. ഫ്ലക്സുകളിൽ സ്ഥാനാർഥിയുടെ പേരിനേക്കാൾ ചിഹ്നമായ പൈനാപ്പിളാണ് കണ്ണിൽ പതിയുക.
ട്വൻറി20 ജയിക്കുമെന്ന് 'കാതോടുകാത്' പ്രചാരണമാണ് പാർട്ടിയുെട തുറുപ്പുചീട്ട്. വോട്ട് ചെയ്യുന്ന കുടുംബങ്ങൾക്ക് കിഴക്കമ്പലം ഭക്ഷ്യസുരക്ഷ സൂപ്പർമാർക്കറ്റിൽനിന്ന് വിലക്കുറവിൽ സാധനങ്ങൾ ലഭിക്കാൻ ഡിസ്കൗണ്ട് കാർഡുകൾ നൽകുമെന്നാണ് വാഗ്ദാനം. അതിൽ വീഴാത്തവരോട് 'ഒരുവട്ടം വോട്ട് ചെയ്യൂ, പ്രതീക്ഷെക്കാത്ത് പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത തവണ തോൽപിച്ചോളൂ' എന്ന് സെൻറിമെൻറൽ ഡയലോഗ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ മത്സരിച്ച വി ഫോർ കൊച്ചി സംഘടന 59 ഡിവിഷനുകളിൽനിന്നായി നേടിയത് 10.2 ശതമാനം വോട്ടാണ് (22,009 വോട്ടുകൾ). കോർപറേഷനിലെ വികസന മുരടിപ്പാണ് വി ഫോർ കൊച്ചിയുടെ രൂപവത്കരണത്തിന് പിന്നിൽ.
അതേ സംഘടന പേരുമാറ്റി 'വി ഫോർ കേരള' എന്നാക്കിയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കൊച്ചി മണ്ഡലത്തിൽ പാർട്ടി സ്ഥാപകൻ നിപുൺ ചെറിയാനാണ് സ്ഥാനാർഥി.
2016ൽ 1086 വോട്ടിെൻറ മാത്രം ഭൂരിപക്ഷമാണ് ഇവിടെ ഇടതുമുന്നണിക്ക് നേടാനായത്. ട്വൻറി20, വിഫോർ കേരള എന്നിവ പിടിക്കുന്ന വോട്ടുകൾ ആർക്ക് ദോഷമാകുെമന്നതാണ് മണ്ഡലങ്ങളിലെ സസ്പെൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.