തിരുവനന്തപുരം: ഇക്കുറിയും കേരള നിയമസഭ തെരഞ്ഞെടുപ്പിന് താരപ്പകിട്ടിന് കുറവൊന്നുമുണ്ടായിട്ടില്ല. സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാർ, ധർമജൻ ബോൾഗാട്ടി, കൃഷ്ണകുമാർ തുടങ്ങി ഒരുപിടി സിനിമ-സീരിയൽ താരങ്ങൾ മത്സരരംഗത്തുണ്ട്.
സംവിധായകനും നടനുമായ രമേഷ് പിഷാരടിയടക്കം ചിലർ പരസ്യമായി രാഷ്ട്രീയ ആഭിമുഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന ധര്‍മജന്‍റെ പ്രചാരണത്തിന് കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, ഹരീഷ് കണാരന്‍, തെസ്‌നി ഖാന്‍ എന്നിവരെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാജോണും കുടുംബവും കോൺഗ്രസിൽ ചേർന്നുവെന്ന് വ്യാപക പ്രചാരണമുണ്ടായത്.
എന്നാൽ ഇപ്പോൾ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാജോൺ. താൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുതെന്ന് ഷാജോൺ ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂരിൽ ബി.ജെ.പി ടിക്കറ്റിലാണ് രാജ്യസഭ എം.പി കൂടിയായ സുരഷ് ഗോപി മത്സരിക്കുന്നത്. കൊല്ലം മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എ കൂടിയായ മുകേഷ് സി.പി.എം സ്ഥാനാർഥിയാണ്. മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ മകനും സിറ്റിങ് എം.എൽ.എയുമായ കെ.ബി. ഗണേഷ്കുമാർ പത്തനാപുരത്ത് നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. നടൻ കൃഷ്ണകുമാർ തിരുവനന്തപരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയാണ്.
അരൂരിൽ നിന്നും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായി നടി പ്രിയങ്ക അനൂപും ജനവിധി തേടുന്നുണ്ട്. സീരിയൽ നടനായ വിവേക് ഗോപൻ ചവറയിൽ ബി.ജെ.പി സ്ഥാനാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.