കഴിഞ്ഞ കുറേ വർഷമായി കോഴിക്കോടിെൻറ കാറ്റ് ഇടത്തോട്ടാണ്. കഴിഞ്ഞ മൂന്ന് നിയമസഭയിലും കോൺഗ്രസിെൻറ ഒറ്റ എം.എൽ.എയും കോഴിക്കോടുനിന്ന് ഉണ്ടായിട്ടില്ല. 2016ൽ മുസ്ലിം ലീഗാണ് മാനം കാത്തത് -കോഴിക്കോട് സൗത്തിലും കുറ്റ്യാടിയിലും യഥാക്രമം ഡോ. എം.കെ. മുനീറും പാറക്കൽ അബ്ദുല്ലയും.
ഇത്തവണ ചില മണ്ഡലങ്ങളിലെങ്കിലും മാറ്റമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. അതേസമയം, യു.ഡി.എഫ് പിടിച്ചെടുത്തേക്കാവുന്ന ഓരോ സീറ്റും തങ്ങളുടെ തുടർഭരണ സാധ്യതക്ക് മങ്ങലേൽപിക്കുമെന്നതിനാൽ അരയും തലയും മുറുക്കി എൽ.ഡി.എഫും രംഗത്തുണ്ട്.
പ്രചാരണത്തിെൻറ ആദ്യ റൗണ്ട് പിന്നിടുേമ്പാൾ നിലവിൽ എൽ.ഡി.എഫ് കൈവശം വെച്ചിരിക്കുന്ന ചില മണ്ഡലങ്ങളിലെങ്കിലും ഇളക്കമുണ്ടാകുമെന്ന സൂചനയാണ് പ്രകടമാകുന്നത്. ചില മണ്ഡലങ്ങളിൽ മത്സരം പ്രവചനാതീതമാണ്. എൽ.ഡി.എഫിന് പരമ്പരാഗതമായി വേരോട്ടമുള്ള ചില മണ്ഡലങ്ങളിലാകട്ടെ, അട്ടിമറിക്ക് സാധ്യതയില്ല.
ജില്ലയിലെ പ്രസ്റ്റീജ് മണ്ഡലമാണ് നഗരഹൃദയം ഉൾക്കൊള്ളുന്ന കോഴിക്കോട് നോർത്ത്. കഴിഞ്ഞ മൂന്നു തവണയും എ. പ്രദീപ്കുമാർ എൽ.ഡി.എഫിന് പുഷ്പം പോലെ നേടിക്കൊടുത്ത മണ്ഡലം നിലനിർത്താൻ ഇത്തവണ കോർപറേഷൻ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനാണ് ഇറങ്ങിയത്.
2001ൽ എ. സുജനപാൽ വിജയിച്ച ശേഷം യു.ഡി.എഫിന് പിടികൊടുക്കാത്ത മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയത് സമരപോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിനെയും. തങ്ങൾക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെത്തന്നെ രംഗത്തിറക്കിയാണ് ബി.ജെ.പി പോരാടുന്നത്.
ബി.ജെ.പി വോട്ട് പൂർണമായും രമേശിനുതന്നെ ലഭിക്കുകയും മുൻ മേയറെന്ന പ്രതിച്ഛായയും ബന്ധങ്ങളും വോട്ടായി മാറുകയും പ്രദീപ്കുമാറിെൻറ വികസന നേട്ടങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്താൽ അട്ടിമറി പ്രതീക്ഷിക്കുന്നില്ല.
എന്നാൽ, പ്രദീപ്കുമാറിന് വ്യക്തിപരമായി കിട്ടിയ വോട്ടുകൾ ഇത്തവണ തോട്ടത്തിലിന് ലഭിക്കാതിരിക്കുകയും ശക്തനായ സ്ഥാനാർഥിയെ നിർത്തിയ കാലത്ത് മണ്ഡലം യു.ഡി.എഫിനൊപ്പം നിന്ന ചരിത്രമുള്ളതിനാൽ യുവതുർക്കിയായ അഭിജിത്തിനെ വോട്ടർമാർ സ്വീകരിക്കുകയും ചെയ്താൽ സുജനപാലിന് ശേഷം നോർത്തിൽനിന്ന് മറ്റൊരു എം.എൽ.എ കോൺഗ്രസിനുണ്ടാകും.
സോഷ്യലിസ്റ്റുകൾക്ക് വളക്കൂറുള്ള മണ്ഡലം ഇത്തവണ ശ്രദ്ധേയമാകുന്നത് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരെൻറ ഭാര്യ കെ.കെ. രമ യു.ഡി.എഫ് പിന്തുണയിൽ രംഗത്തിറങ്ങിയതോടെയാണ്. എൽ.ജെ.ഡിയുടെ മനയത്ത് ചന്ദ്രനാണ് എതിർ സ്ഥാനാർഥി. കഴിഞ്ഞതവണ ജെ.ഡി.എസിെൻറ സി.കെ. നാണുവായിരുന്നു എം.എൽ.എ.
പക്ഷേ, ഇത്തവണ ജെ.ഡി.എസിന് നൽകാതെ യു.ഡി.എഫിനെ മൊഴിചൊല്ലി എത്തിയ എൽ.ജെ.ഡിക്കാണ് സീറ്റ് നൽകിയത്. ഇതിെൻറ അമർഷം ജെ.ഡി.എസിനുണ്ട്. രമ സ് ഥാനാർഥിയായതോടെ യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ടായ ഓളവും ആവേശവും മറുഭാഗത്തും. രമയെ നിയമസഭ കാണിക്കാതിരിക്കാൻ സി.പി.എം ഏതറ്റംവരെയും പോകുമെന്നതിനാൽ സോഷ്യലിസ്റ്റുകളെക്കാൾ പ്രവർത്തനാവേശം മണ്ഡലത്തിൽ സി.പി.എമ്മിനുണ്ട്.
എന്നാൽ, സോഷ്യലിസ്റ്റുകളോട് വലിയ താൽപര്യമില്ലാത്ത സി.പി.എം വോട്ടുകൾ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള രമക്കു വീഴുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്. മേഖലയിലെ ആർ.എം.പി.ഐയുടെ സ്വാധീനവും രമ സ്ഥാനാർഥിയായതോടെ പതിവില്ലാത്തവിധം യു.ഡി.എഫിലുണ്ടായ ഐക്യവും ആവേശവും വോട്ടായി മാറിയാൽ വടകര ഇത്തവണ മാറിച്ചിന്തിച്ചേക്കാം.
കഴിഞ്ഞ തവണ യു.ഡി.എഫിെൻറ മാനംകാത്ത രണ്ട് മണ്ഡലങ്ങളിലൊന്നാണ് പാറക്കൽ അബ്ദുല്ലയുടെ കുറ്റ്യാടി. 1157 വോട്ടിെൻറമാത്രം ഭൂരിപക്ഷമുള്ള ഇവിടെ സി.പി.എമ്മിൽ നാളിതുവരെ കാണാത്ത പാളയത്തിൽപടക്കൊടുവിൽ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എൽ.ഡി.എഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങിയതോടെ പോരാട്ടച്ചൂട് പാരമ്യതയിലാണ്.
ഇത്തവണ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനായിരുന്നു കുറ്റ്യാടി നൽകിയിരുന്നത്. ഇതിനെതിരെ പാർട്ടി അച്ചടക്കം പഴങ്കഥയാക്കി സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം അലയടിച്ചപ്പോൾ പാർട്ടിക്ക് വഴങ്ങേണ്ടിവന്നു. അങ്ങനെ പാർട്ടിയെ തിരുത്തി പ്രവർത്തകർ കുഞ്ഞമ്മദ്കുട്ടി മാസ്റ്റർക്ക് വാങ്ങിക്കൊടുത്ത സീറ്റിൽ വിജയം ഉറപ്പാക്കേണ്ട ബാധ്യത പ്രവർത്തകരുടെമേൽതന്നെ വന്നുവീണപ്പോൾ എൽ.ഡി.എഫിന് ഇവിടെ അഭിമാന പോരാട്ടമാണ്.
എന്നാൽ, കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ചെയ്ത വികസന നേട്ടങ്ങളിലും പാർലമെൻറ് തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ നേടിയെടുത്ത 17892 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിെൻറ പ്രതീക്ഷ. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ എട്ടിൽ അഞ്ചും നേടിയത് എൽ.ഡി.എഫാണ്. ഏതായാലും മണ്ഡലം നിലനിർത്താൻ പാറക്കലിന് നന്നായി വിയർക്കേണ്ടിവരും.
ചരിത്രം പരിശോധിച്ചാൽ കൊടുവള്ളി യു.ഡി.എഫ് മണ്ഡലമാണ്. മറ്റൊരു നിലക്ക് പറഞ്ഞാൽ ലീഗിെൻറ മലപ്പുറം. അടിയൊഴുക്കുകൾ പ്രതികൂലമായപ്പോൾ മണ്ഡലം വഴുതിപ്പോയതാണ്. മുസ്ലിം ലീഗിെൻറ കരുത്തനായിരുന്ന കാരാട്ട് റസാഖ് പാർട്ടിയിലെ പടലപ്പിണക്കങ്ങൾക്കൊടുവിൽ കളംമാറി കഴിഞ്ഞതവണ ഇടതു സ്വതന്ത്രനായി മത്സരിച്ചപ്പോൾ ലീഗ് ജില്ല സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർക്ക് അടിപതറി.
മുസ്ലിം ലീഗിലെ തെൻറ പഴയ സ്വാധീനം ഉപയോഗിച്ച് വാങ്ങിയ വോട്ടുകൾ കൂടിയാണ് കഴിഞ്ഞതവണ മണ്ഡലം കാരാട്ട് റസാഖിലേക്ക് വഴിമാറാൻ കാരണം. ഇത്തവണ പക്ഷേ, ഡോ. എം.കെ. മുനീർ കോഴിക്കോട് സൗത്ത് വിട്ട് കൊടുവള്ളിയിലേക്ക് ചേക്കേറിയതോടെ യു.ഡി.എഫ് ക്യാമ്പ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയ ആവേശത്തിലാണ്. വോട്ട് ചോർച്ച തടയാനായാൽ മണ്ഡലം സുരക്ഷിതമാണെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു.
യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള തിരുവമ്പാടി 2006ൽ എൽ.ഡി.എഫിന്റെ മത്തായി ചാക്കോയാണ് പിടിച്ചെടുക്കുന്നത്. പിന്നീട് ജോർജ് എം. തോമസ് നിലനിർത്തിയ മണ്ഡലം മുസ്ലിം ലീഗിെൻറ സി. മോയിൻകുട്ടി തിരിച്ചുപിടിച്ചെങ്കിലും വീണ്ടും എൽ.ഡി.എഫിെൻറ കൈകളിലെത്തി.
മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫ് ഇത്തവണ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ ലിേൻറാ ജോസഫിനെ രംഗത്തിറക്കിയപ്പോൾ, വിദ്യാർഥി രാഷ്ട്രീയത്തിലൂടെ അടിവെച്ച് കയറി മണ്ഡലത്തിൽ സുപരിചിതനായ മുസ്ലിം ലീഗിെൻറ സി.പി. ചെറിയ മുഹമ്മദിനെയാണ് യു.ഡി.എഫ് ഇറക്കിയത്.
മണ്ഡലത്തിൽ നല്ല വേരുറപ്പുണ്ടായിട്ടും വോട്ടുകളിലുണ്ടായ ചോർച്ചയാണ് കഴിഞ്ഞകാലത്ത് യു.ഡി.എഫിന് വിനയായത്. അത് ഇത്തവണ ഉണ്ടാകാത്ത വിധം യു.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടാണ്. 24 ശതമാനത്തോളം വരുന്ന ക്രൈസ്തവ വോട്ടുകൾ എങ്ങോട്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും മണ്ഡലത്തിെൻറ ഗതി നിർണയിക്കുന്നത്. മണ്ഡലത്തിൽതന്നെയുള്ള സമുദായ അംഗത്തെ എൽ.ഡി.എഫ് രംഗത്തിറക്കിയതിന് പിന്നിൽ അവരുടെ വോട്ട് അനുകൂലമാക്കുകയെന്ന തന്ത്രമുണ്ട്. ഇതിന് തടയിടാൻ സി.പി. ചെറിയ മുഹമ്മദിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.
മുസ്ലിം ലീഗിെൻറ വനിത സ്ഥാനാർഥി നൂർബിന റഷീദ്, ഐ.എൻ.എല്ലിെൻറ അഹമ്മദ് ദേവർകോവിൽ എന്നിവർ മത്സരിക്കുന്ന കോഴിക്കോട് സൗത്ത്, സി.പി.ഐയുടെ ഇ.കെ. വിജയനും കോൺഗ്രസിെൻറ അഡ്വ. പ്രവീൺകുമാറും മത്സരിക്കുന്ന നാദാപുരം, സി.പി.എമ്മിെൻറ കാനത്തിൽ ജമീലയും കോൺഗ്രസിെൻറ എൻ. സുബ്രഹ്മണ്യനും മത്സരിക്കുന്ന കൊയിലാണ്ടി എന്നിവിടങ്ങളിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയെൻറ മരുമകൻകൂടിയായ പി.എ. മുഹമ്മദ് റിയാസും അഡ്വ. പി.എം. മുഹമ്മദ് നിയാസും ഏറ്റുമുട്ടുന്ന ബേപ്പൂർ, എൽ.ഡി.എഫ് സ്വതന്ത്രൻ പി.ടി.എ. റഹീമും ലീഗ് മത്സരിപ്പിക്കുന്ന കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയും ഏറ്റുമുട്ടുന്ന കുന്ദമംഗലം, സി.പി.എമ്മിെൻറ സച്ചിൻദേവും നടൻ ധർമജൻ ബോൾഗാട്ടിയും (കോൺഗ്രസ്) മത്സരിക്കുന്ന ബാലുശ്ശേരി, മന്ത്രി ടി.പി. രാമകൃഷ്ണനും ലീഗിെൻറ സ്വതന്ത്ര സ്ഥാനാർഥി ഇബ്രാഹിം കുട്ടി ഹാജിയും മത്സരിക്കുന്ന പേരാമ്പ്ര, എൽ.ഡി.എഫിെൻറ മന്ത്രി എ.കെ. ശശീന്ദ്രനും യു.ഡി.എഫ് സ്വതന്ത്രനായ എൻ.സി.കെയുടെ സുൽഫിക്കർ മയൂരിയും മത്സരിക്കുന്ന എലത്തൂർ എന്നിയാണ് മറ്റുള്ളവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.