കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയേറ്റുവാങ്ങിയതിെൻറ നടുക്കത്തിലും നാണക്കേടിലുമായ കോൺഗ്രസ് പ്രവർത്തകർ തെറ്റ് തിരുത്താൻ ആവശ്യപ്പെട്ട് ഓൺലൈൻ നിവേദനവുമായി രംഗത്ത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനാണ് കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകനായ അംശുലാൽ പൊന്നാറത്ത് തുടക്കമിട്ട ഓൺലൈൻ നിവേദനം സമർപ്പിക്കുന്നത്.
നിരവധി പേരാണ് നിവേദനത്തിൽ ഒപ്പ് വെച്ച് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്. മേൽക്കമ്മിറ്റികളിലെ ഭാരവാഹികൾ ബൂത്ത് കമ്മിറ്റികളിലുള്ള സാധാരണ പ്രവർത്തകർക്ക് ആവേശം നൽകുന്നവരല്ലെന്നും ഉത്സാഹത്തോടെ ഇവരുടെ പ്രവർത്തനമുണ്ടായില്ലെന്നും നിവേദനത്തിൽ പറയുന്നു. സാധാരണ പ്രവർത്തകർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞിട്ടില്ല. പോഷക സംഘടനകൾ ചലനമറ്റുകിടക്കുകയാണ്. പൊതുകാര്യങ്ങളിൽ ഇടപെടുന്ന രാഷ്ട്രീയ പ്രവർത്തനം നിർഭാഗ്യവശാൽ നടക്കുന്നില്ല. ഗ്രൂപ്പിെൻറ അതിപ്രസരം താഴേത്തട്ടിൽ കൂടി വ്യാപിച്ചു.
കോൺഗ്രസുകാരുടെ പൊതു പ്രവർത്തനം തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായി ഒതുങ്ങുന്നു. അത്യാവശ്യഘട്ടത്തിൽ കോൺഗ്രസ് പാർട്ടി തനിക്കൊപ്പമുണ്ടാവും എന്ന ആത്മവിശ്വാസം പ്രവർത്തകർക്ക് നഷ്ടപ്പെട്ടതായും ഓൺലൈൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ അവസ്ഥക്കുള്ള പരിഹാരവും നിർദേശിക്കുന്നുണ്ട്. താഴേത്തട്ടിൽ സ്വാധീനമുള്ളവരെ നേതൃസ്ഥാനത്ത് കൊണ്ടുവരണം. ബൂത്ത് കമ്മിറ്റികളുമായി നിരന്തരമായി സമ്പർക്കം പുലർത്തണം, പൊതുവിഷയങ്ങളിൽ പാർട്ടി നിലപാടുകൾ വ്യക്തമാക്കണം, പാർട്ടി ക്ലാസുകൾ നടത്താൻ സ്ഥിരംസമിതി വേണമെന്നും കെ.പി.സി.സി പ്രസിഡൻറിനെ ഓർമിപ്പിക്കുന്നു.
ഉൾപ്പാർട്ടി ജനാധിപത്യം ഉറപ്പുവരുത്താൻ സംഘടനാ തെരഞ്ഞെടുപ്പിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തണമെന്ന നിർദേശമുണ്ട്. വ്യക്തിതാൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ അച്ചടക്കനടപടി വേണം.
കോൺഗ്രസ് ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് സമയബന്ധിതമായി നടപടികൾ സ്വീകരിക്കാൻ നേതൃത്വത്തിന് കഴിയുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും നിവേദനത്തിൽ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിൽ ജനത്തിന് കോൺഗ്രസിന് വേണ്ടിയിരുന്നെങ്കിലും ഗ്രൂപ്പ് മാനേജർമാർക്ക് കോൺഗ്രസിനെ വേണ്ടായിരുന്നെന്ന് അംശുലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.