തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയിട്ടും നിയമസഭ തെരഞ്ഞെടുപ്പിെൻറ പരസ്യപ്രചാരണം പലയിടത്തും കൊട്ടിത്തന്നെ കലാശിച്ചു. പേര് റോഡ് ഷോ എന്ന് മാറ്റിയാണ് അവസാന മണിക്കൂറുകളിൽ അണികളെയും പ്രവർത്തകരെയുമിറക്കി ആവേശത്തിരമാല തീർത്തത്. വിവിധ മുന്നണി പ്രവർത്തകർ ഒന്നിച്ചുചേർന്ന് ആവേശം പ്രകടിപ്പിക്കുന്ന കൊട്ടിക്കലാശമെന്ന പതിവ് രീതി ഇത്തവണ ഉണ്ടായില്ല. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി പ്രവർത്തകരും മാസ്ക് പോലും ധരിക്കാതെ പല സ്ഥാനാർഥികളും തിരതല്ലുന്ന ആവേശത്തിൽ അലിഞ്ഞുചേർന്നു. തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം കേരളം ചൊവ്വാഴ്ച ബൂത്തിലേക്ക് നീങ്ങും.
തുടർഭരണത്തിന് ഇടതും തിരിച്ചുപിടിക്കാൻ യു.ഡി.എഫും കരുത്തുകാട്ടാൻ എൻ.ഡി.എയും സർവശക്തിയുമെടുത്ത് അവസാന മണിക്കൂറുകളിലും പോരാടുകയാണ്. പോരാട്ടം ഇഞ്ചോടിഞ്ചായപ്പോൾ എങ്ങനെയും ജയം ഉറപ്പിക്കാനുള്ള നെേട്ടാട്ടത്തിലാണ് സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവുമായി നടത്താൻ എല്ലാ സംവിധാനവും ഒരുക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. കനത്ത സുരക്ഷ സംവിധാനങ്ങളാണ് സംസ്ഥാനമെങ്ങും. പൊലീസും കേന്ദ്രസേനയുമടക്കം അറുപതിനായിരത്തോളം സുരക്ഷ സൈനികരെ ജില്ലകളിൽ വിന്യസിച്ചു. കേന്ദ്രസേന പല പ്രദേശങ്ങളിലും റൂട്ട് മാർച്ച് നടത്തി.
വ്യത്യസ്ത രൂപത്തിലും ഭാവത്തിലും സ്ഥാനാർഥികളും പ്രവർത്തകരും റോഡ്ഷോയുമായി ഇറങ്ങിയപ്പോൾ ആവേശത്തിന് ലവലേശം കുറവുണ്ടായില്ല. ഒമ്പത് മണ്ഡലങ്ങളിൽ വൈകുന്നേരം ആറിനും മറ്റിടങ്ങളിൽ ഏഴുമണിക്കുമായി ഉച്ചഭാഷിണികൾ നിലച്ചു. ആവേശം കൊള്ളിച്ച പ്രചാരണ വാഹനങ്ങളും പൊതുേയാഗങ്ങളും റാലികളും പൊതുപരിപാടികളും നിർത്തി. ഇനി പരമാവധി വീടുകളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമം. വീടുകളിലെ സ്ലിപ് വിതരണവും മറ്റും തിങ്കളാഴ്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമടത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്തും വമ്പൻ റോഡ് ഷോ നടത്തി.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കോഴിക്കോടും വീറുറ്റ മത്സരം നടക്കുന്ന നേമത്തും ആവേശം സൃഷ്ടിച്ചു. സ്ഥാനാർഥികളെല്ലാം അവസാന മണിക്കൂറുകൾ റോഡ് ഷോയിലായിരുന്നു. വട്ടിയൂർക്കാവിൽ ഇടത് സ്ഥാനാർഥി റോഡ് റോളറുമായാണ് സമാപനത്തിനിറങ്ങിയത്. മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി അനന്തകൃഷ്ണൻ കാളവണ്ടി യാത്ര നടത്തി ശ്രദ്ധനേടി. മന്ത്രി കെ.ടി. ജലീൽ ഒാേട്ടാ റാലിയാണ് നടത്തിയത്. വലിയ കൊടികളുമായി പലയിടത്തും പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങി. ഗാനമേളകളും കൊട്ടും പാട്ടും വാദ്യമേളങ്ങളും നൃത്തച്ചുവടുകളും അവസാന മണിക്കൂറുകളിൽ ആവേശം ഉച്ചസ്ഥായിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.