തിരുവനന്തപുരം: ഫലം വരുന്നതിന് മുേമ്പ എൽ.ഡി.എഫ് സർക്കാറിന് തുടർഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തിൽ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചടങ്ങ് ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയതായി റിപ്പോർട്ട്.
കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തെ തുടർന്നാണ് ഫല പ്രഖ്യാപനം വരുന്നതിന്‍റെ പിറ്റേ ദിവസം തന്നെ അധികാരത്തിലേറാൻ പിണറായി തയാറെടുക്കുന്നതെന്ന് 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു. രാജ്ഭവനിൽ വളരെ ചെറിയ രീതിയിലാണ് ചടങ്ങുകൾ നടത്താൻ ഉദ്ദേശിക്കുന്നത്.
ഭരണം ലഭിച്ചാൽ ഒറ്റക്കോ അല്ലെങ്കിൽ പാർട്ടിയിൽ നിന്നും ഘടകകക്ഷികളിൽ നിന്നുമുള്ള മുതിർന്ന മൂന്നോ നാലോ മന്ത്രിമാടെ ഒപ്പമോ ആയിരിക്കും പിണറായി സത്യപ്രതിജ്ഞ ചെയ്യുക.
പൊതു ഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഈ ആഴ്ചയാണ് ഇത് സംബന്ധിച്ച നിർദേശം ലഭിച്ചതെന്ന് സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. 2016ൽ മേയ് 19നായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നത്. ആറ് ദിവസത്തിന് ശേഷമാണ് പിണറായി മുഖ്യമന്ത്രിയായി അധികാരമേറ്റത്.
'സാധാരണയായി ഫല പ്രഖ്യാപനവും സത്യപ്രതിജ്ഞാ ചടങ്ങും തമ്മിൽ ഒരു ഹ്രസ്വ ഇടവേളയുണ്ടാവാറുണ്ട്. എന്നിരുന്നാലും ആ ഇടവേള ഇല്ലാതാക്കുന്നത് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അപഹാസ്യമായ നീക്കമാവും. കോവിഡ് സാഹചര്യം അതിഭീകരമായതിനാലാകാം അത്തരമൊരു നിർദേശം നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്' -സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
വോട്ടെടുപ്പിന് പിന്നാലെ തുടർ ഭരണം ഉറപ്പാണെന്ന തരത്തിലാണ് പിണറായിയും എൽ.ഡി.എഫും പ്രതികരിച്ച് പോരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ദേശീയ മാധമങ്ങളുടെയടക്കം എക്സിറ്റ് പോൾ ഫലങ്ങൾ കൂടി ജയം പ്രവചിച്ചതോടെ ഇടതുപക്ഷത്തിന്‍റെ ആത്മവിശ്വാസം ഇരട്ടിയായിരുന്നു. ഇതും മുഖ്യമന്ത്രിയുടെ നീക്കത്തിന് ശക്തി പകർന്നിരിക്കാം.
നിലവിലുള്ള മുഖ്യമന്ത്രി രാജിവെച്ച ശേഷം ഭരണത്തിലേറുന്ന കക്ഷി പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നാണ് ചട്ടം. പിന്നീട് ഇദ്ദേഹം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയാണ് വേണ്ടത്.
തുടർഭരണം ലഭിക്കുകയാണെങ്കിൽ പിണറായി ഈ നടപടിക്രമങ്ങൾ ഒരുദിവസം കൊണ്ട് പൂർത്തീകരിക്കേണ്ടി വരും. സാഹചര്യം അനുകൂലമായാൽ ഞായറാഴ്ച തന്നെ ഇടതുമുന്നണി പാർലമെന്‍ററി പാർട്ടി യോഗം ഓൺലൈനായി ചേർന്നേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.