കോഴിക്കോട്: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, എൽ.ഡി.എഫ് ആഗ്രഹിച്ച അജണ്ടകളിൽ യു.ഡി.എഫിനെ തളച്ചിടാൻ കഴിഞ്ഞതിൽ വിജയിച്ചെന്ന് ഇടതുമുന്നണി വിലയിരുത്തൽ.
അതോടൊപ്പം, ചർച്ചയാകുമെന്ന് ഭയപ്പെട്ട അഴിമതിയും വികലമായ പൊലീസ് നയവുമെല്ലാം കാണാമറയത്തായതിെൻറ ആശ്വാസവും എൽ.ഡി.എഫ് ക്യാമ്പിനുണ്ട്. തുടർന്നുള്ള ദിവസങ്ങളിലെങ്കിലും എൽ.ഡി.എഫ് പ്രത്യേകിച്ച്, സി.പി.എം ഭയപ്പെടുന്ന വിഷയങ്ങൾ ചർച്ചയായില്ലെങ്കിൽ അത് വൻ തിരിച്ചടിയാകുമെന്ന് യു.ഡി.എഫിനകത്തുതന്നെ അഭിപ്രായം ഉയർന്നിട്ടുണ്ട്.
എൽ.ഡി.എഫ് സർക്കാർ കാര്യക്ഷമമായി ചെയ്ത പ്രവർത്തനങ്ങളാണ് ഭക്ഷ്യകിറ്റ്, സാമൂഹികക്ഷേമ പെൻഷൻ വിതരണം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് ഇത് ഗുണം ചെയ്തെന്ന കൃത്യമായ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ അടവ് സ്വീകരിക്കാൻ ഇടതുമുന്നണി തന്ത്രം ആവിഷ്കരിച്ചത്. വിഷയം യു.ഡി.എഫ് തന്നെ ഏെറ്റടുത്തത് പരമാവധി മുതലാക്കാൻ എൽ.ഡി.എഫിനാവുകയും ചെയ്തു.
അന്നംമുടക്കികൾ എന്ന് തിരിച്ചടിച്ച് കൈയിൽ കിട്ടിയ വടി എൽ.ഡി.എഫ് നന്നായി പ്രയോഗിച്ചു. ഒടുവിൽ അരിവിതരണത്തിന് കോടതിയും അംഗീകാരം നൽകിയതോടെ വെട്ടിലായത് യു.ഡി.എഫ്.
നിയമസഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക രാഷ്ട്രീയമാണെന്നിരിക്കെ, സംസ്ഥാനത്തെ ഭരണവൈകല്യവും ബി.ജെ.പിയുടെ വർഗീയതയും വലിയ ചർച്ചയാക്കാൻ യു.ഡി.എഫിന് ഇതുവരെ സാധിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവ് തന്നെ നേരത്തെ ഉയർത്തിക്കൊണ്ടുവന്ന സുപ്രധാന വിഷയങ്ങൾപോലും വിസ്മരിച്ച് എൽ.ഡി.എഫ് ആഗ്രഹിക്കുന്നതലത്തിലേക്ക് ചർച്ച കൊണ്ടുപോയത് വെള്ളം നിറച്ച് കലമുടക്കുന്ന അവസ്ഥയായെന്ന് യു.ഡി.എഫിൽതന്നെ അഭിപ്രായമുണ്ടെങ്കിലും ദിവസങ്ങൾ മാത്രം അവശേഷിക്കെ യഥാർഥ അജണ്ടകളിലേക്ക് വിഷയത്തെ കൊണ്ടുവരാൻ ആരെന്ന ചോദ്യമാണ് ഉയരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസും ചീഫ് സെക്രട്ടറിയും സ്പീക്കറുമുൾപ്പെടെ ശക്തമായ അഴിമതി ആരോപണങ്ങൾക്ക് വിധേയമായിട്ടും പ്രചാരണത്തിൽ ഗൗരവ ചർച്ചക്ക് വിധേയമാക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. മുൻ സി.പി.എം സെക്രട്ടറിയുടെ മകൻ ഗുരുതര കേസിൽ അകപ്പെട്ട് മാസങ്ങളായി ജാമ്യംപോലും കിട്ടാതെ ജയിലിലാണ്.
സ്പ്രിംഗ്ലർ, പ്രൈസ് വാട്ടർ കൂപ്പേഴ്സ്, കെ.പി.എം.ജി തുടങ്ങിയ കുത്തക കമ്പനികളുമായുള്ള അവിഹിത ഇടപാടുകൾ, ലൈഫ്മിഷൻ അഴിമതി, എട്ട് മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവം തുടങ്ങി ഭരണകക്ഷിയെ നിശ്ശബ്ദമാക്കാവുന്ന നിരവധി വിഷയങ്ങൾ മുന്നിലുണ്ടായിട്ടും പ്രചാരണ വിഷയമാക്കുന്നതിൽ പ്രതിപക്ഷം അേമ്പ പരാജയപ്പെടുന്നതാണ് പ്രചാരണം ചൂടുപിടിക്കുേമ്പാഴുള്ള അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.