കൊൽക്കത്ത: മോദിയും അമിത് ഷായും നേരിട്ട് നേതൃത്വം നൽകി പ്രചാരണം കൊഴുപ്പിച്ചിട്ടും തൃണമൂൽ തരംഗത്തിൽ അധികാരം പിടിക്കാനാകാതെ പോയ ബി.ജെ.പിയിൽ പുതിയ പ്രതിസന്ധി. ഭരണവും മന്ത്രിപദവിയുമുറപ്പിച്ച് തൃണമൂലിൽനിന്ന് കുടിയേറിയ പ്രമുഖരുൾപെടെ നീണ്ട നേതൃപട്ടികക്കിടയിൽ തുടങ്ങിയ മൂപ്പിളമ തർക്കങ്ങളാണ് പാർട്ടിയെ തുറിച്ചുനോക്കുന്നത്.
തൃണമൂൽ എം.എൽ.എമാരോ എം.പിമാരോ ആയി 19 പേർ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേക്കേറിയിരുന്നു. അതിൽ 13 പേരും പരാജയപ്പെട്ടു. ഇവരെ ഇനി എവിടെ നിർത്തുമെന്നതാണ് ബി.ജെ.പിയുടെ ഒന്നാം പ്രതിസന്ധി. കേന്ദ്ര നേതൃത്വം നയിച്ച പ്രചാരണ കാമ്പയിനുകളിൽ രണ്ടാംനിര നേതാക്കളുടെ പരിഗണനയായിരുന്നു പലപ്പോഴും ഈ നേതാക്കൾക്ക് ലഭിച്ചിരുന്നത്. അതുപോലും ഇനി നൽകാനാവില്ലെന്നതാണ് സ്ഥിതി. ഇവരെ നിലനിർത്താനായില്ലെങ്കിൽ തിരികെ തൃണമൂലിൽ തന്നെ അഭയം തേടുന്നതാകും വരുംനാളുകളിലെ കാഴ്ച.
മമത ക്യാമ്പിൽനിന്ന് കുടിയൊഴിഞ്ഞ വലിയ നേതാവ് സുവേന്ദു അധികാരിക്ക് പ്രതിപക്ഷ നേതാവിന്‍റെ പദവി നൽകി ആശ്വസിപ്പിച്ചുട്ടെങ്കിൽ 2019െല തെരഞ്ഞെടുപ്പിന് മുമ്പ് എത്തിയ മുകുൾ റോയ് ഇപ്പോഴും ദേശീയ ജനറൽ സെക്രട്ടറി മാത്രമാണ്.
മറുവശത്ത് കൃത്യമായി ചൂണ്ടിക്കാട്ടാൻ നേതാവില്ലാത്ത ബംഗാളിൽ മുഖ്യമന്ത്രി പദത്തിൽ ദിലീപ് ഘോഷ് അടക്കം പലർക്കും സാധ്യത നൽകപ്പെട്ടിരുന്നു. ഇത് യഥാർഥ നേതാവ് ആരെന്ന ആശയക്കുഴപ്പം നേതാക്കൾക്കിടയിൽ തന്നെ ഉണ്ടാക്കുന്നിടത്ത് കാര്യങ്ങൾ എത്തിച്ചു. വിഷയം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര നയങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ദിലീപ് ഘോഷ് ഓൺലൈൻ മാധ്യമായ 'ദി പ്രിന്‍റി'നോട് പറഞ്ഞു. പാർട്ടിക്ക് സംസ്ഥാനത്തുണ്ടായ തോൽവിക്ക് കാരണക്കാർ കേന്ദ്ര നേതൃത്വമാണെന്ന് മറ്റൊരു നേതാവായ തഥാഗത റോയ് ട്വിറ്ററിൽ കുറിച്ചു. മുതിർന്ന നേതാക്കൾക്കിടയിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകും മുമ്പ് സജീവമായ അടിയാണ് ഈ വിധ പ്രതികരണങ്ങളിലേക്കും ആഭ്യന്തര കലഹങ്ങളിലേക്കും നയിച്ചതെന്നും സൂചനയുണ്ട്.
തെരഞ്ഞെടുപ്പിനു പിറകെയുണ്ടായ അക്രമ സംഭവങ്ങളിൽ സ്വന്തം അണികൾക്ക് സുരക്ഷ നൽകാനാകാതെ പാർട്ടി പരാജയപ്പെട്ടതും ബി.ജെ.പിക്കു ഭീഷണിയാണ്. കേന്ദ്രത്തിൽ അധികാരമുണ്ടായിട്ടും സംസ്ഥാനത്ത് ഭരണമുള്ള കക്ഷിക്കെതിരെ പിടിച്ചുനിൽക്കാനായില്ലെന്നാണ് വ്യാപക പരാതി. ഇതിൽ അമർഷമുള്ളവരെ ചാക്കിട്ടുപിടിച്ച് കരുത്തുകൂട്ടാൻ തൃണമൂൽ ശ്രമം വിജയം കാണുന്നതായും റിപ്പോർട്ടുകൾ പറയുന്നു. നേതാക്കൾ മാത്രമല്ല, അണികളും തിരിച്ചൊഴുക്ക് തുടർന്നാൽ പ്രതീക്ഷ നിലനിർത്താൻ ബി.ജെ.പി പ്രയാസപ്പെടും.
അതിനിടെ, നാല് എം.പിമാരെ നിർത്തി ഭരണം പിടിക്കാനിറങ്ങി രണ്ടുപേർ മാത്രം ജയംകണ്ട ബി.ജെ.പിയുടെ നിയമസഭയിലെ എണ്ണം വീണ്ടും അപകടത്തിലാക്കി രണ്ടുേപർ രാജിവെച്ചു. ജയിച്ച ജഗന്നാഥ് സർക്കാർ, നിസിത് പ്രമാണിക് എന്നീ പാർലെമന്റംഗങ്ങളാണ് രാജി നൽകിയത്. ഇവിടെ ഇനി ജയിക്കാനാകുമോ എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇവരുടെതുൾപെടെ അഞ്ചു മണ്ഡലങ്ങളിൽ വൈകാതെ തെരഞ്ഞെടുപ്പ് നടക്കും. അഞ്ചും ജയിക്കാനായാൽ തൃണമൂൽ പ്രാതിനിധ്യം 218 ആയി ഉയരും. ബാബുൽ സുപ്രിയോ, ലോകറ്റ് ചാറ്റർജി എന്നിവരാണ് പരാജയപ്പെട്ട എം.പിമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.