കൊൽക്കത്ത: കളിമൈതാനങ്ങളിലെ നടുമുറ്റങ്ങളിൽനിന്ന് തകർപ്പൻ വിജയങ്ങളിലേക്ക് റണ്ണുകളെയ്തുവിട്ട കരുേത്താടെ മനോജ് തിവാരി പശ്ചിമ ബംഗാളിൽ അധികാരത്തിെൻറ നടുത്തളത്തിലേക്ക്. മാറിയ സാഹചര്യങ്ങളിൽ രാജ്യത്തെ അധികാരശക്തികളോട് കൂട്ടുകൂടാൻ ക്രിക്കറ്റർമാരടക്കമുള്ള സെലിബ്രിറ്റികൾ തിരക്കുകൂട്ടുന്ന കാലത്താണ് മനോജ് തിവാരി എന്ന മുൻ ഇന്ത്യൻ താരം ഫാഷിസത്തിനെതിരെ അടിയുറച്ച നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായത്. പണവും അധികാരഗർവുമെല്ലാം മേളിച്ച് ബി.ജെ.പി ബംഗാളിലേക്ക് പടഹകാഹളം മുഴക്കിയെത്തിയ നാളിലും മമത ബാനർജിക്കുപിന്നിൽ തൃണമൂലിെൻറ മുന്നണിപ്പോരാളിയായി തിവാരി നിലകൊണ്ടു.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി ഹൗറ ജില്ലയിലെ ശിവ്പൂർ മണ്ഡലത്തിൽ മത്സരിച്ച മനോജ് തിവാരി 32,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഒടുവിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത 43 തൃണമൂൽ കോൺഗ്രസ് മന്ത്രിമാരിൽ 35കാരനായ ഈ ക്രിക്കറ്റ് താരമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 19 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പുതിയ ഇന്നിങ്സിൽ ബംഗാളിെൻറ കായിക മന്ത്രിയാകും തിവാരിയെന്നാണ് സൂചന.
2008 മുതൽ 2015 വരെയായി 12 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമിട്ട മനോജ് തിവാരി മൂന്ന് ട്വൻറി20 മത്സരങ്ങളിലും ദേശീയ ജഴ്സിയണിഞ്ഞു. ഏകദിനങ്ങളിൽ ഒരു സെഞ്ച്വറിയടക്കം 287 റൺസടിച്ച തിവാരി അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്. 119 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ 27 സെഞ്ച്വറിയടക്കം 8,752 റൺസാണ് സമ്പദ്യം. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, റൈസിങ് പുണെ സൂപ്പർജയൻറ്സ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നിവയുടെ താരമായിരുന്നു. 2012 ഐ.പി.എൽ ഫൈനലിൽ ഡ്വെയ്ൻ ബ്രാവോക്കെതിരെ കൊൽക്കത്തയെ കിരീടത്തിലെത്തിച്ച വിജയറൺ തിവാരിയുടെ ബാറ്റിൽനിന്നായിരുന്നു.
തിവാരിക്ക് പുറമെ മുൻ ഐ.പി.എസ് ഓഫിസർ ഹുമയൂൺ കബീർ, വനിതാ നേതാവ് സിയൂലി സാഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് മന്ത്രിമാരായി പാർഥ ചാറ്റർജി, അരൂപ് റോയി, ബങ്കിം ചന്ദ്ര ഹസ്റ, സുപ്രത മുഖർജി, മാനസ് രഞ്ജൻ, ഭൂനിയ, സൗമെൻ കുമാർ മഹാപത്ര, മോളോയ് ഘട്ടക്, അരൂപ് ബിശ്വാസ്, അമിത് മിത്ര, സാധൻ പാണ്ഡെ, ജ്യോതി പ്രിയ മല്ലിക് തുടങ്ങിയവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.