കൊൽക്കത്ത: 30 വർഷത്തിലേറെ തുടർഭരണം നടത്തിയ പശ്ചിമ ബംഗാളിൽ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനാവാതെ ഇടത് മുന്നണി തൂത്തെറിയപ്പെട്ടു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഇതാദ്യമായി ഒരു പ്രതിനിധി പോലുമില്ലാതെ സി.പി.എമ്മും സി.പി.ഐയും ഫോർവേഡ് ബ്ലോക്കും അടങ്ങുന്ന ഇടതുപക്ഷം പശ്ചിമ ബംഗാളിൽ സംപൂജ്യരായി. ഇപ്പോൾ ഇടതുപക്ഷത്തിന്‍റെ ദയനീയ തോൽവിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. അവരെ ഞാൻ രാഷ്ട്രീയപരമായി എതിർത്തിരുന്നുവെങ്കിലും സംപൂജ്യരായി കാണാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് മമത പ്രതികരിച്ചു.
'ബി.ജെ.പിക്ക് പകരം ആ സീറ്റുകള്‍ ഇടത് മുന്നണിക്ക് ലഭിച്ചിരുന്നെങ്കില്‍ നന്നായേനെ' -പ്രതിപക്ഷത്ത് ബി.ജെ.പിയേക്കാൾ ഏറെ ഇടത്-കോൺഗ്രസ് സഖ്യത്തെ കാണനാണ് ആഗ്രഹിച്ചതെന്ന് അവർ വ്യക്തമാക്കി.
'ബി.ജെ.പിയെ അനുകൂലിക്കാനുള്ള തീക്ഷ്ണതയിൽ സ്വയം വിറ്റ് അവർ ഒരു അടയാളം ആയി. ഇതിനെക്കുറിച്ചവർ ചിന്തിക്കണം'-മമത പറഞ്ഞു. 294 അംഗ നിയമസഭയിൽ 213 സീറ്റ് നേടിയാണ് മമത ഹാട്രിക് തികച്ചത്. തൃണമൂലിൽ നിന്ന് നേതാക്കളെ അടർത്തിയെടുത്തും വർഗീയത പറഞ്ഞും സംസ്ഥാന ഭരണം പിടിക്കാൻ ശ്രമിച്ച ബി.ജെ.പി 77 സീറ്റിലൊതുങ്ങി.
സി.പി.എം തങ്ങളുടെ ശക്തികേന്ദ്രങ്ങളായ സിലിഗുരിയിലും ജാദവ്പൂരിലും പരാജയമേറ്റുവാങ്ങി. ബി.ജെ.പിയിലേക്കും തൃണമൂലിലേക്കും നേരേത്ത ചേക്കേറിയവരിൽ അവശേഷിച്ച ഇടതുവോട്ടർമാരും ഇത്തവണ മമതയെ തോൽപിക്കാൻ ബി.ജെ.പിക്ക് വോട്ടുചെയ്തതാണ് ഇടതുപക്ഷത്തിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിക്ക് കാരണമായത്. പാർട്ടിയുടെ വോട്ടുവിഹിതം 4.73 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ 29 ശതമാനത്തോളം വോട്ടാണ് ബി.ജെ.പിയിലേക്ക് കുത്തിയൊലിച്ചുപോയത്.
ബംഗാളിൽ തങ്ങളുടെ പ്രവർത്തകർ ബി.െജ.പിയെ തോൽപിക്കാൻ തൃണമൂൽ കോൺഗ്രസിന് വോട്ടുചെയ്തതു കൊണ്ടാണ് ദയനീയ പരാജയം ഏറ്റുവാങ്ങിയതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അവകാശപ്പെട്ടു.
വോട്ടുകളുടെ ധ്രുവീകരണമാണ് ബംഗാളിൽ ഇടതുപക്ഷത്തിന്‍റെ തകർച്ചക്ക് കാരണമായതെന്നും ബി.ജെ.പിയെ തോൽപിക്കാൻ ബംഗാളികളിലുണ്ടായ ധ്രുവീകരണത്തിൽ തങ്ങളുടെ മഹാസഖ്യം ഞെരിഞ്ഞമർന്നുപോയെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. മോദിയും അമിത് ഷായും ചേർന്ന് ഹിന്ദു ധ്രുവീകരണത്തിന് നടത്തിയ വർഗീയ പ്രചാരണത്തിെൻറ വിപരീത ധ്രുവീകരണത്തിന് കോൺഗ്രസ് വിലയൊടുക്കി. കോൺഗ്രസിെൻറ കോട്ടകളായിരുന്ന മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങളുള്ള മാൾഡയും മുർഷിദാബാദും തൃണമൂലും ബി.ജെ.പിയും പങ്കിട്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.