പ്രചാരണ മാമാങ്കങ്ങൾക്കൊടുവിൽ അധികാരത്തിലെത്താമെന്ന കണക്കുകൂട്ടൽ പിഴച്ചതോടെ ബംഗാൾ ബി.െജ.പിയിൽ ഇപ്പോൾ കാര്യങ്ങൾ അത്ര സുഖകരമല്ല. മന്ത്രികസേരയും അധികാരവും സ്വപ്നം കണ്ട് ബി.ജെ.പി പാളയത്തിലെത്തിയ പലർക്കുമിപ്പോൾ മോഹഭംഗത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. കാര്യങ്ങളുടെ പുരോഗതി നിരീക്ഷിക്കാനും പൊട്ടലും ചീറ്റലും ഒഴിവാക്കാനും കേന്ദ്രത്തിൽ നിന്നുള്ള രണ്ട് നിരീക്ഷകരെ നിയമിച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബി.ജെ.പി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ബി.ജെ.പി ജനറൽ സെക്രട്ടറി ഭുപേന്ദ്ര യാദവ് എന്നിവർക്കാണ് നിരീക്ഷണ-നിയന്ത്രണ ചുമതലയുള്ളത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചുമതലയും ഇവർക്കാണ്.
എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് രണ്ട് നിയുക്ത ബി.ജെ.പി എം.എൽ.എമാർ പങ്കെടുത്തിരുന്നില്ല. നിലവിൽ ബി.ജെ.പിയുടെ എം.പിമാരായ ഇവർ സത്യപ്രതിജ്ഞക്ക് എത്താത്തതിനാൽ അന്തരീക്ഷത്തിൽ ഊഹങ്ങൾ നിറഞ്ഞിരുന്നു. നിഷിത് പ്രമാണിക്, ജഗന്നാഥ് സർക്കാർ എന്നിവരാണ് സത്യപ്രതിജ്ഞക്ക് എത്താതിരുന്നത്. തങ്ങൾക്ക് എം.പിമാരായ തുടർന്നാൽ മതി, എം.എൽ.എമാരാകേെണന്നൊണ് ഇവർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബി.ജെ.പിയുടെ അഞ്ച് എം.പിമാരാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. ബിജെ.പി സർക്കാറുണ്ടാക്കുേമ്പാൾ മന്ത്രിസ്ഥാനങ്ങൾ ഉറപ്പിച്ച് മത്സരിക്കാനെത്തിയ ഇവരിൽ മറ്റു മൂന്നു പേരും തോറ്റു. ജയിച്ചവർക്കാണെങ്കിൽ 'വെറും' എം.എൽ.എമാരാകാനും താൽപര്യമില്ല. ഏതായാലും ഇവർക്ക് തീരുമാനമെടുക്കാൻ ആറുമാസം സമയമുണ്ട്്. എം.എൽ.എമാരാകുന്നില്ലെങ്കിൽ ബി.ജെ.പിയുടെ സീറ്റെണ്ണം 75 ആയി കുറയുകയും നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്യും. ഇനി എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്താൽ ബംഗാളിൽ നിന്നുള്ള ബിജെ.പി എം.പി മാരുടെ എണ്ണം 18 ൽ നിന്ന് 16 ആയി കുറയുകയും ചെയ്യും.
മുകുൾ റോയിയും സുവേന്ദു അധികാരിയുമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിനായി ഭാഗ്യം പ്രതീക്ഷിച്ചിരിക്കുന്നത്. രണ്ടു പേരും തൃണമൂലിൽ നിന്ന് ഭാഗ്യം തേടി ബി.ജെ.പിയിൽ എത്തിയവരാണ്. മമതയെ നന്ദിഗ്രാമിൽ തോൽപിച്ചുവെന്ന ക്രെഡിറ്റ് സുവേന്ദുവിന് ഗുണകരമാകും. സ്കൂൾ പഠന കാലത്ത് ആർ.എസ്.എസുമായി ബന്ധമുണ്ടായിരുന്നതും കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുള്ളതും സുവേന്ദുവിന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്.
അതേസമയം, സത്യപ്രതിജ്ഞക്കിടെ മുകുൾ റോയി തൃണമൂൽ നേതാക്കളുമായി സംസാരിച്ചതും ബി.ജെ.പി എൽ.എമാരുമായും സംസാരിക്കാതിരുന്നതും ചില കഥകകൾ പ്രചരിക്കാൻ കാരണമായി. തുണമൂലിലേക്കുള്ള അദ്ദേഹത്തിന്‍റെ തിരിച്ചു പോക്കിനുള്ള ശ്രമം നടക്കുകയാണെന്ന തരത്തിലാണ് കഥകൾ പ്രചരിച്ചത്. കഥകൾ രംഗം കീഴടക്കാൻ തുടങ്ങിയതോടെ വിശദീകരണവുമായി മുകുൾ റോയിയുടെ ട്വീറ്റ് എത്തി. സംസ്ഥാനത്ത് ജനാധിപത്യം പുന:സ്ഥാപിക്കാനുള്ള പോരാട്ടം ഒരു ബി.ജെ.പി പടയാളിയായി തുടരുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ആലോചിച്ചുറപ്പിച്ച രാഷ്ട്രീയ വഴിയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.