30 വർഷത്തിലേറെ തുടർഭരണം നടത്തിയ പശ്ചിമ ബംഗാളിൽ ഈ നിയമസഭ തെരെഞ്ഞടുപ്പോടെ ഇടതുപക്ഷത്തിെൻറ പതനം പൂർത്തിയായി. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഇതാദ്യമായി ഒരു പ്രതിനിധിപോലുമില്ലാതെ സി.പി.എമ്മും സി.പി.ഐയും ഫോർവേഡ് ബ്ലോക്കും അടങ്ങുന്ന ഇടതുപക്ഷം പശ്ചിമ ബംഗാളിൽ സംപൂജ്യരായി. അതേസമയം മഹാസഖ്യമുണ്ടാക്കാൻ ഇടതുപക്ഷം കൂടെക്കൂട്ടിയ കോൺഗ്രസിനും പുതിയ ന്യൂനപക്ഷ പാർട്ടിയായ ഐ.എസ്.എഫിനും ഓരോ സീറ്റ് വീതം ലഭിച്ചു.
പുതിയ രാഷ്ട്രീയ പരീക്ഷണവുമായി രംഗത്തുവന്ന ഫുർഫുറ ശരീഫിലെ അബ്ബാസ് സിദ്ദീഖിയുടെ സഹോദരൻ നൗഷാദ് സിദ്ദീഖിയാണ് കന്നിയങ്കത്തിൽതന്നെ ഐ.എസ്.എഫിന് അക്കൗണ്ട് തുറന്നത്. മാസങ്ങൾക്കു മുമ്പ് സ്വന്തം പാർട്ടിക്ക് രജിസ്ട്രേഷൻപോലും നടത്താതെ കന്നിയങ്കത്തിനിറങ്ങിയ അബ്ബാസ് സിദ്ദീഖി രാജസ്ഥാനിൽ രജിസ്റ്റർചെയ്ത രാഷ്ട്രീയ സെക്കുലർ മജ്ലിസ് പാർട്ടി 'തപാൽ കവർ' അടയാളത്തിലായിരുന്നു മത്സരിച്ചത്.
തൃണമൂൽ കോൺഗ്രസിെൻറ സിറ്റിങ് സീറ്റായ ഭാങ്കോർ പിടിച്ചെടുത്താണ് നവാസ് സിദ്ദീഖിയുടെ ജയം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 18,124 വോട്ടുകൾക്ക് വിജയിച്ച ഭാങ്കോറിൽ 26151 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് അവരുടെ സ്ഥാനാർഥിയായ കരീം റിസാഉലിനെ നൗഷാദ് സിദ്ദീഖി പരാജയപ്പെടുത്തിയത്. കോൺഗ്രസിെൻറ നേപ്പാൾ ചന്ദ്ര മഹാതോ നേടിയ പുരുലിയ ജില്ലയിലെ ബാഘ്മുണ്ഡിയാണ് മഹാസഖ്യത്തിന് ആകെ ലഭിച്ച രണ്ട് സീറ്റുകളിൽ മറ്റൊന്ന്.
സി.പി.എം ആകട്ടെ തങ്ങളുടെ ശക്തികേന്ദ്രങ്ങളായ സിലിഗുരിയിലും ജാദവ്പൂരിലും പരാജയമേറ്റുവാങ്ങി. ബി.ജെ.പിയിലേക്കും തൃണമൂലിലേക്കും നേരേത്ത ചേക്കേറിയവരിൽ അവശേഷിച്ച ഇടതുവോട്ടർമാരും ഇത്തവണ മമതയെ തോൽപിക്കാൻ ബി.ജെ.പിക്ക് വോട്ടുചെയ്തതാണ് ഇടതുപക്ഷത്തിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിക്ക് കാരണമായത്. പാർട്ടിയുടെ വോട്ടുവിഹിതം 4.73 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ 29 ശതമാനത്തോളം വോട്ടാണ് ബി.ജെ.പിയിലേക്ക് കുത്തിയൊലിച്ചുപോയത്.
ബംഗാളിൽ തങ്ങളുടെ പ്രവർത്തകർ ബി.െജ.പിയെ തോൽപിക്കാൻ തൃണമൂൽ കോൺഗ്രസിന് വോട്ടുചെയ്തതു കൊണ്ടാണ് ദയനീയ പരാജയം ഏറ്റുവാങ്ങിയതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അവകാശപ്പെട്ടു.
വോട്ടുകളുടെ ധ്രുവീകരണമാണ് ബംഗാളിൽ ഇടതുപക്ഷത്തിന്റെ തകർച്ചക്ക് കാരണമായതെന്നും ബി.ജെ.പിയെ തോൽപിക്കാൻ ബംഗാളികളിലുണ്ടായ ധ്രുവീകരണത്തിൽ തങ്ങളുടെ മഹാസഖ്യം ഞെരിഞ്ഞമർന്നുപോയെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. മോദിയും അമിത് ഷായും ചേർന്ന് ഹിന്ദു ധ്രുവീകരണത്തിന് നടത്തിയ വർഗീയ പ്രചാരണത്തിെൻറ വിപരീത ധ്രുവീകരണത്തിന് കോൺഗ്രസ് വിലയൊടുക്കി. കോൺഗ്രസിെൻറ കോട്ടകളായിരുന്ന മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങളുള്ള മാൾഡയും മുർഷിദാബാദും തൃണമൂലും ബി.ജെ.പിയും പങ്കിട്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.