അന്ന് 'ഇറങ്ങിപ്പോയ' അവാർഡ് ബിജു ധ്വനിതരംഗിൻ്റെ 'അതിഥി'യായെത്തി

സാങ്കേതികതയുടെ പേരിൽ ഒരിക്കൽ കൈവിട്ടുപോയ അവാർഡ് തേടിയെത്തിയതിൻ്റെ സന്തോഷത്തിലാണ് നൃത്തസംവിധായകൻ ബിജു ധ്വനിതരംഗ്. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കൊറിയോഗ്രാഫറായി തെരഞ്ഞെടുത്തത് ബിജുവിനെയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ഷാനവാസ്‌ നരണിപ്പുഴ സംവിധാനം ചെയ്ത 'സൂഫിയും സുജാതയും' എന്ന ചിത്രത്തിന് വേണ്ടി ബിജു ചിട്ടപ്പെടുത്തിയ നൃത്തരംഗങ്ങൾ ആണ് പുരസ്കാരത്തിനർഹമായത്.

അമ്മ ശ്യാമള സേവിയർ ആണ് ബിജുവിൻ്റെ ആദ്യ ഗുരു. അമ്മയിൽ നിന്ന് നൃത്തത്തിൻ്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ ബിജു തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നിന്നും ഭരതനാട്യത്തിൽ ബി.എ എടുത്തു. ഒരുപാടു സ്റ്റേജ് പ്രോഗ്രാമുകൾ കഴിവുള്ള കലാകാരന്മാരോടൊപ്പം ചെയ്യാൻ ഭാഗ്യം ലഭിച്ച ബിജു ഒട്ടനവധി നടീനടന്മാർക്ക് നൃത്തത്തിൽ ഗുരുവായിട്ടുണ്ട്. ശേഷമാണ് മലയാള സിനിമാലോകത്തേക്ക് എത്തുന്നത്. 2014ൽ ഉണ്ണിമുകുന്ദൻ, സനുഷ, പ്രയാഗ മാർട്ടിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഒരു മുറൈ വന്ത് പാർത്തായ' ആണ് ആദ്യ സിനിമ.

പിന്നീട് 2018ൽ പുറത്തിറങ്ങിയ എം. മോഹൻ സംവിധാനം നിർവ്വഹിച്ച 'അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യാൻ അവസരം ലഭിച്ചു. ആ ചിത്രത്തിലെ ഒട്ടുമിക്ക ഗാനങ്ങൾക്കും ബിജു തന്നെയാണ് ചുവടുകൾ പകർന്നു നൽകിയത്. എന്നാൽ ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപന വേളയിൽ പ്രസ്തുത ചിത്രത്തിലെ കൊറിയോഗ്രാഫി നിർവ്വഹിച്ച പ്രശസ്തനായ മറ്റൊരു കലാകാരനാണ് പുരസ്കാരത്തിന് അർഹനായത്. ടൈറ്റിലിലെ ബിജുന്റെ പേര് ഇല്ലാത്തതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് അന്നത്തെ ജൂറി അംഗങ്ങൾ വാദിച്ചു. എന്തായാലും അർഹതയുള്ളവരെ അതിന്റെ അംഗീകാരം തേടിയെത്തും എന്നതിനുള്ള തെളിവായാണ് ഈ നേട്ടത്തെ ബിജു കാണുന്നത്.

" ഒരു സിനിമയിൽ ഗാനത്തിനുള്ളത് പോലെ തന്നെ തുല്യമായ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നൃത്തം. നൃത്ത കലാകാരന്മാർ ഒരുപാട് ഉണ്ടെങ്കിലും പലരേയും ലോകം അറിയാതെ പോകുന്നുമുണ്ട് എന്നതാണ് സത്യം. അതു കൊണ്ട് ഈ അവാർഡ് ഇരട്ടി സന്തോഷമാണ് നൽകുന്നത് " - ബിജു പറയുന്നു.

ലോക്ഡൗൺ സമയത്ത് അമ്മ ശ്യാമള സേവിയറിനൊപ്പം ബിജു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത നൃത്ത രംഗങ്ങൾ എല്ലാം വൈറൽ ആയിരുന്നു. സിത്താര കൃഷ്ണകുമാറിന്റെ തരംഗമായി മാറിയ മ്യൂസിക്കൽ ആൽബം 'തരുണി' യുടെയും നൃത്തച്ചുവടുകൾ ബിജുവിൻ്റേതാണ്. 'കണ്ണാടി', 'സ്റ്റാൻഡേർഡ് 10 ഇ', 'ഖെദ്ദ' എന്നീ ചിത്രങ്ങളാണ് ഇനി ഇദ്ദേഹത്തിന്റെതായി ഇറങ്ങാനുള്ളത്.

Tags:    
News Summary - about biju dhwani tarang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.