മനാമ: ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബറിൽ നടക്കും. 23 അറബ് രാജ്യങ്ങളിൽ നിന്ന് മൊത്തം 481എൻട്രികളാണ് ലഭിച്ചിട്ടുള്ളത്. ഷോർട്ട് നറേറ്റിവ് ഫിലിം, ഷോർട്ട് ഡോക്യുമെന്ററി ഫിലിം, ആനിമേറ്റഡ് ഫിലിം, ബഹ്റൈൻ സിനിമകൾ, സ്റ്റുഡന്റ് ഫിലിമുകൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്.
പ്രശസ്ത ബഹ്റൈനി എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. പർവീൻ ഹബീബിന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ഡോ. ഹബീബിനെ കൂടാതെ സൗദി ഡയറക്ടർ റീം അൽ ബയാത്ത്, ഡോ. ഹകീം ജുമാ, എമിറാത്തി ഡയറക്ടർ നവാഫ് അൽ ജനാഹി എന്നിവരാണ് ജൂറി അംഗങ്ങൾ. കമ്മിറ്റി ചിത്രങ്ങളുടെ മൂല്യനിർണയം ആരംഭിച്ചു.
അറബ്, ഗൾഫ് ചലച്ചിത്ര നിർമാതാക്കളുടെയും ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രാലയത്തിന്റെയും വിപുലമായ പങ്കാളിത്തത്തോടെ ബഹ്റൈൻ സിനിമ ക്ലബാണ് മേള സംഘടിപ്പിക്കുന്നത്. ‘സെലിബ്രേറ്റ് ഓഫ് ഫിലിം മേക്കിങ്’ എന്ന പ്രമേയത്തിലാണ് മേളയുടെ നാലാമത്തെ പതിപ്പ്. ഫിലിം ഫെസ്റ്റിൽ അറബ്, ഗൾഫ് ചലച്ചിത്ര പ്രവർത്തകരുടെ വിപുലമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്.
സിനിമ പ്രദർശനങ്ങൾ കൂടാതെ ശിൽപശാലകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രി ഡോ. റംസാൻ അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന മേളയുടെ മൂന്നാം പതിപ്പിൽ 117 ഹ്രസ്വ അറബി ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.