ക്രിസ്മസ് ആഘോഷത്തിനിടെ വൈറലായ വീഡിയോയിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂറിനും കുടുംബത്തിനുമെതിരെ മുംബൈയിലെ ഘട്‌കോപ്പർ പൊലീസ് സ്‌റ്റേഷനിൽ പരാതി. ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന സഞ്ജയ് തിവാരി എന്നയാളാണ് പരാതി നൽകിയത്.
നടനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 295 എ, 298,500, 34 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, സംഭവത്തിൽ പൊലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
നടനും കുടുംബവും ക്രിസ്മസ് ആഘോഷത്തിനിടെ കേക്കില്‍ മദ്യം ഒഴിച്ച ശേഷം തീ കത്തിക്കുന്നതാണ് വിഡിയോയിലുള്ളത്. തീ കത്തിച്ച ശേഷം 'ജയ് മാതാ ദി' എന്ന് രണ്‍ബീര്‍ പറയുന്നതും കേള്‍ക്കാം. ഹിന്ദുമതം പരമ്പരാഗതമായി അഗ്നിദേവനെ ആരാധിക്കുന്നവരാണ്. എന്നാൽ രൺബീർ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ആഘോഷത്തിനിടെ ബോധപൂർവം ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും 'ജയ് മാതാ ദി' എന്ന് വിളിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
ഭാര്യയും നടിയുമായ ആലിയ ഭട്ടും വിഡിയോയിലുണ്ട്. നടന്‍ കുനാല്‍ കപൂറാണ് കേക്കിന് മുകളില്‍ മദ്യം ഒഴിക്കുന്നത്. കേക്ക് കത്തിച്ചതിന് പിന്നാലെയുള്ള ‘ജയ് മാതാ ദി’ വിളിയും മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.