നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച തെന്തിന്ത്യൻ താരറാണി നയൻ താരക്ക് പിന്തുണയുമായി മുൻനിര താരങ്ങൾ. പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, അനുപമ പരമേശ്വരൻ, നസ്റിയ നസ്റിൻ, ദിവ്യ പ്രഭ, ദിയ മിർസ, ഏക്ത കപൂർ തുടങ്ങിയ താരങ്ങളാണ് നയൻതാരക്ക് പിന്തുണയുമായി എത്തിയത്. നയൻതാരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനാണ് ഇവർ പിന്തുണ അറിയിച്ചത്. പോസ്റ്റിന് സല്യൂട്ട് ഇമോജിയാണ് പാർവതി നൽകിയിരിക്കുന്നത്. മാത്രമല്ല, നയൻതാരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് പാർവതി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ധനുഷിനൊപ്പം മുമ്പ് അഭിനയിച്ചിട്ടുണ്ട് പാർവതി.
ധനുഷ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകർക്ക് മുന്നിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നുമായിരുന്നു നയൻതാര പരസ്യമായി തുറന്നടിച്ചത്. മുഖം മൂടി അണിഞ്ഞാണ് ലോകത്തിന് മുന്നിൽ ധനുഷ് നടക്കുന്നതെന്നും അവർ ആരോപിക്കുകയുണ്ടായി. ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടേൽ’ എന്ന ഡോക്യു-ഫിലിം നയൻതാരയുടെ ജന്മദിനത്തിൽ തിങ്കളാഴ്ച നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങാനിരിക്കെയാണ് നടി പരസ്യപ്പോരുമായി രംഗത്തുവന്നത്.
നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് നയൻതാര നൽകിയിരിക്കുന്നത്.
നയൻ താര ധനുഷിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ധനുഷിന്റെ വക്കീൽ നോട്ടീസടക്കമാണ് വിഘ്നേശ് ശിവൻ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.