ന്യൂഡൽഹി: ബോളിവുഡ് സംവിധായകനും നിർമാതാവുമായ സാജിത് ഖനെതിരെ വീണ്ടും മി ടൂ ആരോപണം. മോഡലായ പൗലയാണ് സംവധായകനെതിരെ മി ടൂ ആരോപണവുമായെത്തിയത്. 'ഹൗസ്ഫുൾ' ചിത്രത്തിൽ വേഷം ലഭിക്കണമെങ്കിൽ തൻെറ മുമ്പിൽ നഗ്നയാകണമെന്ന് സാജിത് ഖാൻ ആവശ്യപ്പെട്ടതായി പൗല ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തനിക്ക് 17 വയസുണ്ടായിരുന്നപ്പോഴാണ് ഈ ദുരനുഭവം നേരിട്ടതെന്നും കുടുംബത്തെ കരുതി ആരോടും ഇതുവരെ തുറന്നുപറഞ്ഞിരുന്നില്ലെന്നും അവർ പറയുന്നു.
നേരത്തേ സാജിത് ഖാനെതിരെ ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്ന് 'ഹൗസ്ഫുൾ 4' ൻെറ സംവിധായക സ്ഥാനത്തുനിന്ന് പകുതിയോടെ മാറിനിൽക്കേണ്ടിവന്നിരുന്നു. സാജിത് ഖാനെതിരെ മി ടൂ ആരോപണവുമായി യുവതി എത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇത് സാജിത് ഖാൻെറ ആരാധകരെ നിരാശപ്പെടുത്തുകയും പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
ഇൗ സംഭവത്തിന് പിന്നാലെ നിരവധി സ്ത്രീകൾ സാജിത് ഖാനെതിരെ മി ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്ടേഴ്സ് അസോസിയേഷൻ സാജിതിനെ ഒരുവർഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.
ഹോളിവുഡിൽ തുടങ്ങിയ മി ടൂ മൂവ്മെൻറ് 2018 മുതലാണ് രാജ്യത്ത് ചലനം സൃഷ്ടിച്ചത്. ഇത് ഇന്ത്യൻ സിനിമ മേഖലയെ ഇളക്കി മറിച്ചിരുന്നു. ബോളിവുഡ് നടൻ നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്തയാണ് ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. ഇവർക്ക് പിന്നാലെ നിരവധി താരങ്ങളും ഗായകരും അണിയറ പ്രവർത്തകരുമായ സ്ത്രീകൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. ബോളിവുഡിൽനിന്ന് മലയാള സിനിമ മേഖലയിലടക്കം മീ ടു മൂവ്മെൻറ് ചലനമുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.