ന്യൂഡൽഹി: ഇന്ന് സോഷ്യൽ മിഡിയാ കാലത്ത് അഭിനയത്തിന്‍റെ പേരിൽ ട്രോൾ വധത്തിനിരയാകുകയും വിമർശിക്കപ്പെടുകയും ചെയ്യുന്ന അഭിനേതാക്കൾ നിരവധിയുണ്ട്. മലയാള നടൻ കൈലാഷിനെ ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ ചിലർ അധിക്ഷേപിച്ച സംഭവമാണ് അതിൽ ഏറ്റവും പുതിയത്.
എന്നാൽ സോഷ്യൽ മീഡിയ അത്ര സജീവമല്ലാത്ത കാലത്ത് തന്‍റെ അഭിനയത്തിന്‍റെ പേരിൽ ഏറെ കല്ലേറ് കൊണ്ട് നായകനാണ് അഭിഷേക് ബച്ചൻ. വിഖ്യാത നടനായ അമിതാഭ് ബച്ചന്‍റെ മകനെന്ന പേര് കൂടി അത്തരം വിമർശനങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.
ഒരുകാലത്ത് ബോളിവുഡ് പ്രവേശനം ഒരു അബദ്ധമായിരുന്നുവെന്നും ഞാൻ ഇൗ സിനിമ മേഖലക്ക് പറ്റിയ ആളല്ലെന്ന് പിതാവ് ബച്ചനോട് പറഞ്ഞ വേളയിൽ അദ്ദേഹത്തിന്‍റെ മറുപടിയെ പറ്റി തുറന്നു പറയുകയാണ് ബച്ചൻ. ആർ.ജെ സിദ്ദാർഥ് കൃഷ്ണനുമായി നടത്തിയ അഭിമുഖത്തിലാണ് അഭിഷേകിന്‍റെ തുറന്നുപറച്ചിൽ.
'പൊതുവേദിയിൽ പരാജയപ്പെടുകയെന്നത് പ്രയാസമേറിയ കാര്യമാണ്. അന്ന് സോഷ്യൽ മീഡിയ അത്ര സജീവമല്ലെങ്കിലും നിരവധിയാളുകൾ എന്നെ അധിക്ഷേപിക്കുന്ന കാര്യം ഞാൻ ചില മാധ്യമങ്ങൾ വഴി അറിയുന്നുണ്ടായിരുന്നു. എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് വരെ ചിലർ പറഞ്ഞുപരത്തി. ആ വേളയിൽ ഇൗ മേഖലയിലെത്തിയത് അബദ്ധമായി എനിക്ക് തോന്നി. ഞാൻ എന്ത് ചെയ്താലും അതൊന്നും നന്നായി വന്നില്ല' -അഭിഷേക് പറഞ്ഞു.
സ്വയം പഴിച്ച് കൊണ്ടിരുന്ന നടന് രക്ഷയായെത്തിയത് പിതാവായ അമിതാഭ് ബച്ചന്‍റെ വാക്കുകളായിരുന്നു. 'പിന്തിരിഞ്ഞോടുന്നവനായല്ല നിന്നെ ഞാൻ വളർത്തിയത്. സൂര്യന് കീഴിൽ ഒരു സ്ഥാനത്തിനായി ഒരോ ദിവസവും ഉറക്കമുണർന്ന ശേഷം നാം പടപൊരുതണം. അഭിനേതാവെന്ന നിലയിൽ ഓരോ ചിത്രം കഴിയും തോറും നീ മെച്ചപ്പെടുന്നുണ്ട് ' -ബച്ചൻ അഭിഷേകിനോട് പറഞ്ഞു.
മാസ് എന്റർടെയ്നറുകൾക്കൊപ്പം തന്നെ വൻപരാജയങ്ങളുടെയും ഒരു മിശ്രണമാണ് അഭിഷേകിന്‍റെ സിനിമാറ്റിക് കരിയർ. ധൂം സീരീസ്, ബണ്ടി ഓർ ബബ്ലി, സർക്കാർ സീരീസ്, ദോസ്താന, ബോൽ ബച്ചൻ, ബ്ലഫ്മാസ്റ്റർ എന്നിവയാണ് ബോക്സ് ഓഫീസ് ഹിറ്റായ അഭിഷേക് സിനിമകളിൽ ചിലത്.
എന്നാൽ ദ്രോണ, തേരാ ജാദൂ ചൽ ഗയ, ദായ് അക്ഷർ പ്രേം കെ, ഇത്നാ സാ ക്വാബ് ഹേ, ഓം ജയ് ജഗദീഷ്, മൂമിയ സേ ആയാ മേരാ ദോസ്ത്, കുഛ് നാ കഹോ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ മൂക്കുംകുത്തി വീണു. ഗുരു, യുവ, ഡൽഹി 6, കഭി അൽവിദ നാ കഹ്ന, ദേശീയ പുരസ്കാരം ലഭിച്ച പാ എന്നീ ചിത്രങ്ങളിലെ അഭിഷേകിന്‍റെ പ്രകടനങ്ങൾക്ക് നിരൂപക പ്രശംസയും ലഭിച്ചു.
ഷാറൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന 'ബോബ് ബിശ്വാസ്'ആണ് ഇനി അഭിഷേകിേന്റതായി പുറത്തിറങ്ങാനുള്ള ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.