റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിൽ വില്ലൻ വേഷം ചെയ്തത് നടൻ ആസിഫ് അലി ആയിരുന്നു. എന്നാൽ ഒരിക്കൽപ്പോലും മുഖം പുറത്ത് കാണിക്കാത്ത വേഷമായിരുന്നു സിനിമയിലേത്. ഇത്തരമൊരു വേഷം ചെയ്യാൻ സാധാരണനിലയിൽ നടന്മാരൊന്നും തയ്യാറാവില്ലായിരുന്നു. എന്നിട്ടും ആസിഫ് ആ വേഷം ഏറ്റെടുക്കുകയും ഭംഗിയാക്കുകയും ചെയ്തു.
നടന്റെ ഈ ആത്മാർഥതയ്ക്ക് പകരമായി സിനിമയുടെ നിർമാതാവ് കൂടിയായ നടൻ മമ്മൂട്ടി ഒരു സമ്മാനം നൽകിയിരുന്നു. റോഷാക്കിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കവേയാണ് ആ സമ്മാനം അപ്രതീക്ഷിതമായി നടന് സമ്മാനിച്ചത്. സ്വിസ് ലക്ഷ്വറി ബ്രാൻഡായ റോളക്സിന്റെ വാച്ചാണ് മമ്മൂട്ടി ആസിഫലിക്ക് സമ്മാനിച്ചത്.
ഈ ചടങ്ങിന്റെ വിഡിയൊ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റോഷാക്കിലെ ആസിഫിന്റെ പ്രകടനത്തെപ്പറ്റി മമ്മൂട്ടി വാചാലനായിരുന്നു. ആസിഫ് അഭിനയിച്ചത് കണ്ണുകളിലൂടെയാണെന്നും ഒരു നടന്റെ ഏറ്റവും എക്‌സ്പ്രസീവായ ഭാഗം കണ്ണുകളാണെന്നും മമ്മൂട്ടി പറഞ്ഞു.
‘കാപ്പ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി നടത്തിയ അഭിമുഖങ്ങളിൽ പൃഥ്വിരാജിനൊപ്പം ആസിഫ് അലി കഴിഞ്ഞദിവസം എത്തിയിരുന്നു. ഇന്റർവ്യൂവിൽ അദ്ദേഹം നേരിട്ട ചോദ്യങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടി തന്ന റോളക്സ് വാച്ച് എന്തുചെയ്തു എന്നത്. ഇതുവരെ വാച്ച് കെട്ടിയിട്ടില്ലെന്നും, ഉപയോഗിക്കുമ്പോൾ അതിന്റെ കഥ എല്ലാവരോടും പറയേണ്ടി വരുമെന്നും ആസിഫ് പറയുന്നു.
കഥ കുറച്ച് പഴകിയ ശേഷം വാച്ച് കെട്ടാമെന്നാണ് ആസിഫ് വിചാരിച്ചിരിക്കുന്നതെന്ന് പൃഥ്വിരാജും വിഡിയോയിൽ പറയുന്നുണ്ട്. വാച്ച് ചെറുതാക്കാനുണ്ടെന്നും പുറത്ത് എവിടെയെങ്കിലും പോകുമ്പോൾ കെട്ടാമെന്നാണ് കരുതുന്നതെന്നും ആസിഫ് പറഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’യിൽ പൃഥ്വിരാജ്, ആസിഫ് അലി അന്ന ബെൻ, അപർണ ബാലമുരളി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.