ചെന്നൈ: നീണ്ട 10 വർഷങ്ങൾക്ക് ശേഷം തമിഴ് നടൻ വിജയുടെ അഭിമുഖം ഞായറാഴ്ച സൺ ടി.വിയിൽ സംപ്രേഷണം ചെയ്തിരുന്നു. ദളപതിയുടെ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിന്റെ സംവിധായകൻ നെൽസണായിരുന്നു 45 മിനിറ്റ് നീണ്ടുനിന്ന പരിപാടിയുടെ അവതാരകൻ.
തന്റെ സിനിമ തെരഞ്ഞെടുപ്പ്, സംവിധായകർ, കുടുംബം, ആത്മീയത എന്നിവയടക്കം വൈവിധ്യമായ വിഷയങ്ങളിൽ വിജയ് സംസാരിച്ചു. അഭിമുഖത്തിൽ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഉള്ളുതുറന്നിരിക്കുകയാണ് വിജയ്.
2021ലെ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി പോളിങ് ബുത്തിലേക്ക് സൈക്കിളിൽ പോയതിന് പിന്നിലെ കാരണം എന്താണെന്നായിരുന്നു നെൽസന്റെ ചോദ്യം. വോട്ടുചെയ്യാൻ സൈക്കിളിൽ പോകുന്ന വിഡിയോ താരം ഇന്ധനവില വർധനവിനെതിരായ പ്രതിഷേധിക്കുകയാണെന്ന തരത്തിൽ വിലയിരുത്തപ്പെട്ടിരുന്നു. പോളിങ് സ്റ്റേഷൻ വീടിന് തൊട്ടടുത്തായതിനാലാണ് സൈക്കിൾ ഉപയോഗിച്ചതെന്നും അതിന് മറ്റ് ലക്ഷ്യങ്ങളില്ലെന്നും വിജയ് പറഞ്ഞു.
ഇളയ ദളപതിയിൽ നിന്ന് 'ദളപതി' ആയി മാറി, ഇനി 'തലൈവൻ' ആയി മാറുമോ എന്നായിരുന്നു പിന്നീട് ചോദിച്ചത്. 'ഞാൻ തലൈവൻ ആയി മാറണമെന്ന് അവർ ആഗ്രഹിക്കുന്നുവെങ്കിൽ, എനിക്ക് ആ മാറ്റം തടയാനാവില്ല'- വിജയ് മറുപടി നൽകി.
പത്ത് വർഷമായി അഭിമുഖങ്ങൾ നൽകാത്തതിന്റെ കാരണവും വിജയ് അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. 'ഞാൻ ഒരു അഭിമുഖം നൽകിയിട്ട് 10 വർഷമായി. അഭിമുഖം നൽകാൻ ആഗ്രഹിക്കാത്തതുകൊണ്ടായിരുന്നില്ല, അവസാനത്തെ അഭിമുഖത്തിൽ ഞാൻ സംസാരിച്ചത് അൽപം പരുഷമായതായി തോന്നി. അതോടെ അൽപം ശ്രദ്ധിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ലൊക്കേഷനുകളിൽ ഷൂട്ടിനിടയിലും എനിക്ക് ദേഷ്യം വരാറുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ പലപ്പോഴും ശ്രമിക്കാറുണ്ട്' -വിജയ് പറഞ്ഞു.
ഏപ്രിൽ 13നാണ് ബീസ്റ്റ് തിയറ്ററിലെത്തുന്നത്. പൂജ ഹെഗ്ഡെയാണ് നായിക. ബീസ്റ്റിൽ അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.