മുട്ടുമുതൽ കണങ്കാൽ വരെ തകർന്നു, കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞു; അപകടത്തെക്കുറിച്ച് വിക്രം

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിക്രം. മലയാളത്തിലൂടെയാണ് വിക്രം കരിയർ ആരംഭിക്കുന്നത്. തമിഴിലാണ് സജീവമെങ്കിലും നടന് കേരളത്തിൽ വലിയ ആരാധകരുണ്ട്. തിരിച്ച് കേരളീയരോടും മലയാള സിനിമയോടും നടന് പ്രത്യേകം താൽപര്യമാണുള്ളത്. പ. രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാനാണ് നടന്റെ ഏറ്റവും പുതിയ ചിത്രം.പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കയിരിക്കുന്നത്.പിരിയഡ്- ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രം ആഗസ്റ്റ് 15 നാണ് തിയറ്ററുകളലെത്തുന്നത്.

ഇപ്പോഴിതാ തനിക്കുണ്ടായ ഒരു അപകടത്തെക്കുറിച്ച് പറയുകയാണ് വിക്രം. തങ്കലാന്റെ ഓഡിയോ ലോഞ്ചിലാണ് അപകടത്തെക്കുറിച്ച് പറഞ്ഞത്. 'കോളജിൽ പഠിക്കുന്ന കാലം. സിനിമയെ സ്വപ്നം കണ്ടുതുടങ്ങിയ സമയമായിരുന്നു.കോളജിൽ ഒരു നാടകത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ത്രില്ലടിച്ച് നിൽക്കുമ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്.കാലിന്റെ മുട്ടുമുതൽ കണങ്കാൽവരെ തകർന്നു പോയി.ഗുരുതരമായി പരിക്കേറ്റ കാൽ മുറിച്ചുമാറ്റണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നീട് 23 ശസ്ത്രക്രിയകൾ കാലിന് ചെയ്തു- വിക്രം പറഞ്ഞു.

തങ്കലാൻ ചിത്രീകരണത്തിനിടെ നടന്റെ വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. സിനിമയുടെ റിഹേഴ്സലിനിടെയാണ് വിക്രമിന് അപകടം സംഭവിക്കുന്നത്. തുടർന്ന് നടൻ ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാൾ വിട്ടുനിന്നിരുന്നു. പരിക്ക് ഭേദമായതിന് ശേഷമാണ് ഷൂട്ടിങ് സെറ്റിലെത്തിയത്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തങ്കലാനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വിക്രത്തിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ , പാർവതി തിരുവോത്ത്, മാളവിക മോഹനൻ, പ്രീതി കരൺ, മുത്തുകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.

Tags:    
News Summary - Doctors once advised me to amputate my leg: Vikram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.