ദേശീയ പുരസ്കാരം കിട്ടിയപ്പോൾ തനിക്ക് ആദ്യം സങ്കടമാണ് തോന്നിയതെന്ന് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ. അൺസ്റ്റോപ്പബിൾ വിത്ത് എൻ.ബി.കെ ടെലിവിഷൻ ഷോയിലാണ് അല്ലു അർജുൻ അവാർഡ് നിമിഷത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ചത്. 2023ലാണ് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഈ പുരസ്കാരം നേടുന്ന ആദ്യ തെലുഗു നടനായിരുന്നു അല്ലു. സുകുമാർ സംവിധാനംചെയ്ത ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്.
‘തെലുഗു സിനിമ വ്യവസായം ചലച്ചിത്രങ്ങൾ നിർമിക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി. 67 വർഷത്തിനിടെ ആദ്യമായാണ് മികച്ച നടനുള്ള പുരസ്കാരം ഒരു തെലുഗു നടൻ സ്വന്തമാക്കുന്നത്’ - അല്ലു അർജുൻ പറഞ്ഞു. ഒരിക്കൽ ഞാൻ ദേശീയ പുരസ്കാര ജേതാക്കളുടെ പട്ടിക പരിശോധിക്കുകയായിരുന്നു. നാഗാർജുനയുടെ പേര് അതിലുണ്ട്. എന്നാൽ, അത് മികച്ച നടനുള്ളതല്ല; മറ്റ് വിഭാഗത്തിലാണ്. മികച്ച നടനുള്ള പുരസ്കാരം നേടിയവരിൽ ഒരു തെലുഗു നടന്റെ പേരുപോലും ഉണ്ടായിരുന്നില്ല. അതെന്റെ മനസ്സിൽ തട്ടി. എത്രയോ വലിയ നടൻമാർ തെലുഗിലുണ്ടായിരുന്നു. എന്തുകൊണ്ടാവാം അവർക്കാർക്കും പുരസ്കാരം ലഭിക്കാതെ പോയത്? പ്രതിഭാധനരായ മുൻ തലമുറ നമുക്കുണ്ടായിരുന്നു, എന്നിട്ടും പുരസ്കാരം കൈവിട്ടുപോയത് എന്തുകൊണ്ടാവും - ഞാൻ ആലോചിച്ചു. പുരസ്കാരം ലഭിച്ചപ്പോൾ സന്തോഷത്തേക്കാളേറെ സങ്കടമാണ് എനിക്ക് തോന്നിയത്. ഒരു തെലുഗു നടൻ ഇത് നേടാൻ ഒരുപാട് കാലമെടുത്തതായി എനിക്കു തോന്നി -ആ നിമിഷം ഞാൻ ഉറപ്പിച്ചു, ഇത് തന്റെ അവസാന പുരസ്കാരമായിരിക്കില്ല, തീർച്ച -അല്ലു അർജുൻ പറഞ്ഞു.
‘പുഷ്പ’ ചെയ്തത് ദേശീയ അവാർഡിനുവേണ്ടി തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുകുമാർ ‘പുഷ്പ’ യുടെ കഥ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഒരു കാര്യം മാത്രമാണ് അഭ്യർഥിച്ചത്. സിനിമ ഹിറ്റായില്ലെങ്കിലും പ്രശ്നമില്ല. എന്നാൽ, ഈ ചിത്രത്തിന് എനിക്ക് ദേശീയ അവാർഡ് ലഭിക്കണം. നിങ്ങളിലൂടെയേ അത് സാധിക്കൂ. ദേശീയ പുരസ്കാരം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്ന് സുകുമാർ ഉറപ്പു നൽകുകയുംചെയ്തു. നിങ്ങൾ ഒരു പക്ഷേ വിശ്വസിക്കില്ല, പല ഷോട്ട് എടുക്കുമ്പോഴും... അവൻ പറയും, ‘ഡാർലിങ്, ദേശീയ അവാർഡിന് ഇത് പോര’. ഞങ്ങളുടെ സംസാരം മുഴുവൻ അവാർഡിനെക്കുറിച്ചായിരുന്നു -അല്ലു അർജുൻ പറഞ്ഞു.
‘പുഷ്പ 2’ അടുത്ത മാസം തിയറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.