അൽഫോൺസ് പുത്രനോട് നന്ദി പറഞ്ഞ് കമൽ ഹാസൻ; 'സന്തോഷത്തോടെ മുന്നോട്ട് പോവുക'

ൽഫോൺസ് പുത്രനോട് നന്ദി പറഞ്ഞ് നടൻ കമൽ ഹാസൻ. നവംബർ ഏഴിന് നടന്റെ 69ാം പിറന്നാളായിരുന്നു. ഇതിനോട് അനുബന്ധിച്ച് അൽഫോൺസ് ഒരു പാട്ട് ഒരുക്കിയിരുന്നു. ഇത് കേട്ട ശേഷമാണ്  താരം നന്ദി അറിയിച്ചത്. നടൻ പാർത്ഥിപനാണ് അൽഫോൺസ് പുത്രന്റെ ഗാനം കമൽ ഹാസനിൽ എത്തിച്ചത്. നന്ദി സന്ദേശം എക്സിലൂടെ പങ്കുവെച്ചതും പാർത്ഥിപനായിരുന്നു.

'അൽഫോൺസ് പുത്രന്റെ പാട്ട് കേട്ടു. ആരോഗ്യപ്രശ്നത്തെ കുറിച്ചും അറിഞ്ഞു. എന്നാൽ മനസ് നല്ലതുപോലെ ഇരിക്കുന്നുവെന്ന് തോന്നുന്നു. കാരണം ആ പാട്ടിൽ സന്തോഷം പ്രകടമാണ്. ജീവിതത്തിൽ സന്തോഷത്തോടെ ഇനിയും മുന്നോട്ട് പോവുക. നിങ്ങളെടുക്കുന്ന ഏതൊരു തീരുമാനവും നിങ്ങളുടേതാണ്. ആരോഗ്യം നല്ലതുപോലെ സൂക്ഷിക്കൂ. എല്ലാവിധ ആശംസകളും'- കമൽ ഹാസൻ പറഞ്ഞു.

  കഴിഞ്ഞ  ഒക്ടോബറിലാണ്   അൽഫോൻസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ചത്.' ഞാൻ സിനിമ കരിയർ അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ഓട്ടിസം സപെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് ഞാൻ സ്വയം കണ്ടെത്തി. ആർക്കും ഒരു ബാധ്യതയായി തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടും നിർമിക്കുന്നത് തുടരും. സിനിമ ജീവിതം അവസാനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ മറ്റൊരു വഴി എന്റെ മുന്നിൽ ഇല്ല. പാലിക്കാൻ കഴിയാത്ത വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യപ്രശ്നങ്ങളോ അപ്രതീക്ഷിതമായ സംഭവങ്ങളോ ജീവിതത്തിലുണ്ടായാൽ ഇന്റർവൽ പഞ്ച് പോലൊരു ട്വിസ്റ്റ് ആവശ്യമാണ്'- അൽഫോൺസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.

സംവിധായകന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ അൽഫോൺസ് പോസ്റ്റ് നീക്കം ചെയ്തു. ഗോള്‍ഡാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ ചിത്രം. പൃഥ്വിരാജും നയൻതാരയുമായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ഈ ചിത്രം തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ല.

Tags:    
News Summary - Kamal Haasan thanks Alphonse for birthday wishes, asks him to take care of his health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.