സമൂഹമാധ്യമങ്ങളിൽ ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചകളിലൊന്നാണ് ബോളിവുഡ് നടി പൂനം പാണ്ഡെയുടെ 'മരണ'വും തൊട്ടുപിന്നാലെയുള്ള 'പുനർജന്മവും'. പൂനം പാണ്ഡെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു വെള്ളിയാഴ്ച നടി മരിച്ചുവെന്ന വിവരം പുറത്തുവന്നത്. എന്നാൽ, താൻ മരിച്ചിട്ടില്ലെന്നും സെര്‍വിക്കല്‍ കാൻസറിനെ കുറിച്ചുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായാണ് അങ്ങനെയൊരു പോസ്റ്റിട്ടതെന്നും തൊട്ടടുത്ത ദിവസം വെളിപ്പെടുത്തുകയായിരുന്നു.
നടിയുടെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും വാദങ്ങളുണ്ട്. അതേസമയം, വിമർശനങ്ങൾ രൂക്ഷമായതോടെ ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പൂനം പാണ്ഡെ. 'എന്നെ കൊല്ലാം, കുരിശിലേറ്റാം, വെറുക്കാം. പക്ഷേ, നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ' എന്നാണ് നടിയുടെ ഇൻസ്റ്റ സ്റ്റാറ്റസ്. സെർവിക്കൽ കാൻസറിനെതിരായ ബോധവത്കരണത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ രോഗികളെ കുറിച്ച് ഒരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത് പങ്കുവെക്കൂവെന്നും പൂനം പാണ്ഡെ പറയുന്നു.
കഴിഞ്ഞ ദിവസം ആരാധകരോട് നടി മാപ്പു പറഞ്ഞിരുന്നു. 'എല്ലാവരും എന്നോട് ക്ഷമിക്കണം, ഞാന്‍ സൃഷ്ടിച്ച കോലാഹലത്തിനും വേദനിപ്പിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ച സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണ വാർത്തയിലൂടെ എല്ലാവരേയും കബളിപ്പിച്ചു. അതു അങ്ങേയറ്റമാണെന്ന് എനിക്ക് അറിയാം. പക്ഷെ പെട്ടെന്ന് നമ്മൾ എല്ലാവരും സെർവിക്കൽ കാൻസറിനെക്കുറിച്ചു സംസാരിച്ചു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു.
നിശ്ശബ്ദമായി ജീവനെടുക്കുന്ന ഒരു രോഗമാണിത്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവര്‍ന്നിട്ടുണ്ട്. മറ്റു കാന്‍സറിനെപ്പോലെ സെര്‍വിക്കല്‍ കാന്‍സറും തടയാം. എച്ച്.പി.വി വാക്‌സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകുക'- പൂനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.