മീററ്റ്: നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ ഡൽഹി വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സാർഥക് ചൗധരി, സൈബുദ്ദീൻ, അസിം, ശശാങ്ക് എന്നിവരാണ് അറസ്റ്റിലായത്. നടൻ ശക്തി കപൂറിനെയും തട്ടിക്കൊണ്ടുപോകാൻ സംഘം പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ മീററ്റിൽ പരിപാടിയിൽ പങ്കെടുക്കുന്നതിന് ക്ഷണിച്ചാണ് സംഘം മുഷ്താഖിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി തയാറാക്കിയത്. സംഘത്തലവൻ ലവി എന്ന രാഹുൽ സൈനി ഒക്ടോബർ 15ന് മുൻകൂറായി 25,000 രൂപയും വിമാന ടിക്കറ്റും നൽകി. നവംബർ 20ന് ഡൽഹി വിമാനത്താവളത്തിലെത്തിയ മുഷ്താഖിനെ ഒരു കാബ് ഡ്രൈവർ മീററ്റിനും ഡൽഹിക്കും ഇടയിലുള്ള ശികഞ്ജി ഷോപ്പിൽ എത്തിച്ചു. അവിടെവെച്ച് സംഘത്തിലെ മറ്റുള്ളവർ വേറൊരു വാഹനത്തിൽ ബലമായി കയറ്റുകയായിരുന്നു.
തുടർന്ന് രാഹുൽ സൈനിയുടെ വീട്ടിലെത്തിച്ച് തടവിലാക്കി. രാത്രി സംഘത്തിലുള്ളവർ മദ്യപിച്ച് ഉറങ്ങുന്നതിനിടെ മുഷ്താഖ് രക്ഷപ്പെടുകയായിരുന്നു. ഇതിനകം സംഘം ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേഡും സ്വന്തമാക്കിയിരുന്നു. പിറ്റേദിവസം സംഘം മുഷ്താഖിന്റെ അക്കൗണ്ടിനിന്ന് 2.2 ലക്ഷം രൂപ പിൻവലിച്ചു. ഇവരിൽനിന്ന് 1.04 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.