തിരുവനന്തപുരം: പനയംപാടത്ത് നാല് വിദ്യാര്‍ഥിനികളുടെ അപകട മരണത്തിൽ അനുശോചനം അറിയിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. സമൂഹ മാധ്യമത്തിലൂടെയാണ് സുരേഷ് ഗോപി പ്രതികരിച്ചത്. പെൺമക്കൾ നഷ്ട്മാവുമ്പോൾ ഉള്ള സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന അച്ഛൻ ആണ് താനെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'പെൺമക്കൾ നഷ്ട്മാവുമ്പോൾ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛൻ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തലും കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്മക്കളുടെ സ്വപ്നങ്ങൾ നിറഞ്ഞ ആ പുഞ്ചിരികളും സ്നേഹവും ചേർന്ന ഓർമകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു' -എന്നതായിരുന്നു സുരേഷ് ഗോപി പങ്കുവെച്ച പോസ്റ്റ്.
പാലക്കാട് കല്ലടിക്കോട് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാല് സ്കൂൾ വിദ്യാർഥിനികളാണ് മരിച്ചത്. കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ പള്ളിപറമ്പിൽ അബ്ദുൽ സലീമിന്റെയും ഫാരിസയുടെയും മകൾ ഇർഫാന ഷെറിൻ (13), പട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവളേങ്ങിൽ അബ്ദുൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ ആയിഷ (13) എന്നിവരാണ് മരിച്ചത്. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പ ക്കടുത്ത് പനയംപാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നാല് പേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.