അല്ലു അർജുൻ കാപ്പി കുടിച്ചു തീരുന്നതുവരെ അറസ്റ്റിനെത്തിയ പൊലീസ് കാത്തിരുന്നു VIDEO

ഹൈദരാബാദ്: തിയറ്ററിൽ ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റും റിമാൻഡും പിന്നാലെ ഇടക്കാല ജാമ്യവുമായി അപ്രതീക്ഷിത ദിവസമായിരുന്നു ഇന്ന് അല്ലു അർജുന്. വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് തെലങ്കാന പൊലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. പൊലീസ് എത്തിയതോടെ നാടകീയ രംഗങ്ങളാണ് ഇവിടെ അരങ്ങേറിയത്.

ഭാര്യ അല്ലു സ്നേഹ റെഡ്ഡി, സഹോദരന്‍ അല്ലു സിരിഷ്, അച്ഛന്‍ അല്ലു അരവിന്ദ് എന്നിവർ ഈ സമയം വീട്ടിലുണ്ടായിരുന്നു. തന്‍റെ ഹരജി ഹൈകോടതി‍യുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്യാനെത്തിയതിനാൽ പൊലീസിനോട് നടൻ കയർത്തു. ഈ സമയം ജോലിക്കാരൻ അല്ലു അർജുന് കാപ്പി കൊണ്ടുവന്നു. നടൻ കാപ്പി കുടിച്ചുതീരുന്നത് വരെ പോലീസ് സംഘം കാത്തിരുന്നു. പൊലീസിന്‍റെ കാറിൽ കയറുന്നതിന് മുമ്പ് ഭാര്യക്ക് ചുംബനം നൽകി. വിഷമിക്കേണ്ട എന്നും പറഞ്ഞു. ശേഷമാണ് പൊലീസിന്‍റെ കാറിൽ നടൻ കയറിയത്. ഇതിന്‍റെ ദൃശ്യങ്ങളെല്ലാം പുറത്തുവന്നിട്ടുണ്ട്.

ചിക്ടപള്ളി സ്‌റ്റേഷനിലേക്കാണ് പൊലീസ് നടനെ കൊണ്ടുപോയത്. സഹോദരന്‍ അല്ലു സിരിഷും അച്ഛന്‍ അല്ലു അരവിന്ദും സ്‌റ്റേഷനിലെത്തി. ഇവിടെ നിന്നും വിശദ മൊഴി രേഖപ്പെടുത്തി. തുടർന്ന് വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ചു. ഈ സമയം പൊലീസ് നഗരത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് യുവതി മരിച്ചത്. പ്രീമിയർ ഷോക്ക് രാത്രി 11ന് എത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമുണ്ടായി. നടന്‍റെ സുരക്ഷാ സംഘം ആൾകൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശുകയും തിരക്കിനിടെ വീണ് ദിൽഷുക്നഗർ സ്വദേശിനി രേവതി (35) മരിക്കുകയായിരുന്നു.

ഭർത്താവ് ഭാസ്കറിനും രണ്ടു മക്കൾക്കുമൊപ്പമാണ് രേവതി തിയറ്ററിലെത്തിയിരുന്നത്. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകുമെന്ന് നടൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രേവതിയുടെ ഭർത്താവ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിൽ പിറ്റേന്ന് തന്നെ പരാതി നൽകി. കേസെടുത്ത പൊലീസ് തിയറ്റർ ഉടമയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. നടന്‍റെ ബോഡി ഗാർഡ് സന്തോഷും ഇന്ന് അറസ്റ്റിലായിട്ടുണ്ട്.

Tags:    
News Summary - police waited for Allu Arjun to finish drinking his coffee to arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.