വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടൻ ആണ് പങ്കജ് ത്രിപാഠി. നാടകങ്ങളിലൂടെയാണ് നടൻ വെള്ളിത്തിരയിൽ എത്തുന്നത്. സിനിമയിൽ എത്തുന്നതിന് മുമ്പ് പട്നയിൽ ഒരു ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട്. ഹോട്ടൽ ഡ്യൂട്ടിക്ക് ശേഷമാണ് താരം നാടകത്തിന് പോയിരുന്നത്.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ജോലി ചെയ്തിരുന്ന പഴയ ഹോട്ടലിൽ അതിഥിയായി എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടൻ. അന്ന് തന്നോടൊപ്പം ജോലി ചെയ്തവരുമായി ബന്ധമുണ്ടെന്നും ആത്മാർഥതയോടെയും കഠിനാധ്വാനത്തിലൂടെയും നമ്മുടെ എല്ലാ സ്വപ്നങ്ങളും നേടിയെടുക്കാൻ കഴിയുമെന്നും താരം പറഞ്ഞു.
'ഞാൻ അന്ന് ഹോട്ടലിലേക്ക് പ്രവേശിച്ചിരുന്നത് പിൻഗേറ്റിലൂടെയാണ്. സ്റ്റാഫുകളെല്ലാം അതുവഴിയാണ് പോയിരുന്നത്. ഇന്ന് എനിക്ക് പ്രധാന പ്രവേശന ഗേറ്റിലൂടെ അകത്ത് കയറാൻ കഴിഞ്ഞു. എന്നെ ഹോട്ടലിലേക്ക് സ്വാഗതം ചെയ്യാൻ ജനറൽ മാനേജർ അവിടെ ഉണ്ടായിരുന്നു. അതൊക്കെ എന്നെ വല്ലാതെ വികാരഭരിതനാക്കി. പഴയ ഓർമകൾ എന്നിലേക്ക് മടങ്ങി വന്നു. ആത്മാർഥതയോടെയും കഠിനാധ്വാനത്തിലൂടെയും നമുക്ക് എല്ലാ സ്വപ്നങ്ങളും നേടിയെടുക്കാൻ കഴിയും'- നടൻ പറഞ്ഞു.
മുമ്പ് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പഴയ ഹോട്ടൽ ജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നു. 'ഹോട്ടലിലെ ജോലിക്ക് ശേഷമാണ് നാടക അഭിനയത്തിന് പോയിരുന്നത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് അഞ്ച് മണിക്കൂർ ഉറങ്ങിയ ശേഷം ഉച്ചക്ക് രണ്ട് മുതൽ ഏഴ് മണിവരെ നാടകത്തിന് പോകുമായിരുന്നു. ഏകദേശം രണ്ട് വർഷംവരെ ഇതുപോലെ ജോലി തുടർന്ന് പോയി'- എന്നാണ് നടൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.