മുംബൈ: നീല ചിത്ര നിർമാണ -വിതരണ കേസിൽ വ്യവസായിയും ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. കുന്ദ്രയുമായി ഒരുമിച്ച് പ്രവർത്തിച്ചതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്നായിരുന്നു പൂനത്തിന്‍റെ പ്രതികരണം. കുന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയതായും ഫോൺ നമ്പർ ഇന്‍റർനെറ്റിൽ പരസ്യപ്പെടുത്തിയതായും അവർ പറഞ്ഞു.
2019ൽ ബോംബെ ഹൈകോടതിയിൽ കുന്ദ്രക്കെതിരെ പൂനം പാണ്ഡെ പരാതി നൽകിയിരുന്നു. തന്‍റെ വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതേ തുടർന്ന് നിയമയുദ്ധത്തിലായിരുന്നു പൂനവും കുന്ദ്രയും. നീലചിത്ര റാക്കറ്റുമായി ബന്ധപ്പെട്ട ജൂലൈ 19നാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്.
നിയമയുദ്ധത്തെ സ്വാഗതം ചെയ്യുന്നതായി രാജ് കുന്ദ്ര പറഞ്ഞതായി പൂനം ദ് ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു. 'ഞാൻ അവരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. അത് ഒരു മാസം നീണ്ടുനിന്നു. അതിനിടെ അവർ തന്നെ വഞ്ചിക്കുകയാണെന്നും അവരുടെ നടപടികൾ പ്രഫഷനലല്ലെന്നും മനസിലാക്കിയിരുന്നു. ഇതോടെ ധാരണാപത്രം അവസാനിച്ചതോടെ പിന്മാറുകയും ചെയ്തു. ഇവരുമായി ഒരു പ്രഫഷനൽ സഹകരണത്തിൽ ഏർപ്പെട്ടതാണ് എന്‍റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്. അവർ തട്ടിപ്പുകാരാണ്. എന്‍റെ ജീവിതം തുറന്ന പുസ്തകമാണ്. ഞാൻ കടന്നുപോയത് വലിയ ആഘാതത്തിലൂടെയായിരുന്നു. എന്‍റെ പാസ്വേഡുകളും അധികാര പത്രങ്ങളും അവരുമായി പങ്കുവെച്ചതിൽ ഞാൻ എന്നെ തന്നെ ശപിച്ചു. രാജിന്‍റെ ടീമിൽനിന്ന് പുറത്തുവന്നപ്പോൾ, വീണ്ടും അവരുമായി കരാർ ഏർപ്പെടുകയോ അവർക്കൊപ്പം പ്രവർത്തിക്കുകയോ ചെയ്യാതെ പണം നൽകില്ലെന്നായിരുന്നു മറുപടി. ഞാൻ അത് നിരസിച്ചു. ഇവർ എന്‍റെ അക്കൗണ്ടുകളും സ്വകാര്യ ഇടങ്ങളും ഹാക്ക് ചെയ്യുമെന്ന് അറിഞ്ഞതിന് ശേഷം എങ്ങനെ എനിക്ക് അവർക്കൊപ്പം പ്രവർത്തിക്കാൻ കഴിയും' -പൂനം പാണ്ഡെ പറഞ്ഞു.
മറ്റൊരു ആപ്പിന്‍റെ പേരിൽ രാജ് കുന്ദ്ര വീണ്ടും തന്നെ സമീപിച്ചതായും പൂനം പാണ്ഡെ പറഞ്ഞു. എന്നാൽ കുന്ദ്രക്ക് തന്നെ വിശ്വാസത്തിലെടുക്കാൻ സാധിച്ചില്ലെന്നും അതിന്‍റെ ഭാഗമായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പൂനം പാണ്ഡെയെന്ന പേരിൽ അവർ അക്കൗണ്ട് ആരംഭിച്ചുവെന്നും താൻ ഉൾപ്പെടുന്ന ഉള്ളടക്കം ദുരുപയോഗം ചെയ്തുവെന്നും അവർ ആരോപിച്ചു. ഇതു സംബന്ധിച്ച് താൻ രാജ് കുന്ദ്രയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പൂർണമായും ഭീഷണിയായിരുന്നു മറുപടി. ഇതിനുപിന്നാലെ അവർ തന്‍റെ സ്വകാര്യ മൊബൈൽ നമ്പർ ഇന്‍റർനെറ്റിൽ പങ്കുവെച്ചുവെന്നും പൂനം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.