ഫഹദ് ഫാസിൽ ചിത്രം ആവേശം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് പ്രേക്ഷകർ മാത്രമല്ല സിനിമ താരങ്ങളും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഫഹദിനെക്കുറിച്ച് ബോളിവുഡ് താരം രൺബീർ കപൂർ പറഞ്ഞ വാക്കുകളാണ്.
'ഫഹദ് ഉഗ്രൻ നടനാണ്. അദ്ദേഹത്തിന്റെ പുഷ്പ, സൂപ്പർ ഡീലക്സ് തുടങ്ങിയ ചിത്രങ്ങൾ കണ്ടു. ഒരു അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ഫഹദിന്റേത് അസാധാരണ പ്രകടനമാണ് .വളരെ സുഷ്മവും വേറിട്ട ശൈലിയിലുള്ള അഭിനയം. അത് അവന്റെ കണ്ണുകളിൽ കാണാം. ആ കഥാപാത്രം എന്താണ് ചിന്തിക്കുന്നത്, അനുഭവിക്കുന്നത് എന്നെല്ലാം അദ്ദേഹത്തെിന്റെ കണ്ണുകളിൽ വ്യക്തമാണ്. അതിഗംഭീര നടനാണ്'- എന്നാണ് രൺബീർ പറഞ്ഞത്.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ആവേശം'. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം ( 22 ദിവസ) 74.10 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. ആഗോള ബോക്സോഫീസിൽ 150 കോടിയിലേക്ക് അടുക്കുകയാണ് ചിത്രം.
അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് 'ആവേശം' നിർമിച്ചിരിക്കുന്നത്. കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന 'ആവേശം', ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിനൊപ്പം മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.