നടിയെ അതിക്രമിച്ച കേസിൽ ദിലീപ് പറഞ്ഞ കാര‍്യങ്ങൾ വിശ്വസിക്കുന്നുവെന്ന് നടൻ സലിം കുമാർ. കേസിനെ കുറിച്ച് ദിലീപിനോട് നേരിട്ട് ചോദിച്ചതാണെന്നും കുഞ്ഞുങ്ങളെ കൊണ്ട് സത്യം ചെയ്തുവെന്നും നടൻ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.അദ്ദേഹം ഇത് ചെയ്തില്ലെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും നടൻ കൂട്ടിച്ചേർത്തു.
'കേസിനെ കുറിച്ച് ദിലീപിനോട് നേരിട്ട് ചോദിച്ചതാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. കുട്ടികളെ പിടിച്ച് സത്യം ചെയ്തു. അങ്ങനെയൊക്കെ പറയുമ്പോൾ എങ്ങനെയാണ് വിശ്വസിക്കാതിരിക്കുക? ഒരു മനുഷ്യൻ അങ്ങനെ പറയില്ല. അദ്ദേഹമത് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണിഷ്ടം. എന്റെ വിശ്വാസം ശരിയാകാം തെറ്റാകാം'- സലിംകുമാർ പറഞ്ഞു.
ഇന്നത്തെ സിനിമകളിൽ പൊളിറ്റിക്കൽ കറക്ട്‌നെസ്സ് ഹ്യൂമറിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു. ഒരുപാട് നിയന്ത്രണങ്ങളുള്ളിടത്ത് ഹ്യൂമർ ഫലിക്കില്ലെന്ന് പറഞ്ഞ നടൻ, മമ്മൂട്ടിക്ക് പോലും പൊളിറ്റിക്കൽ കറക്ട്‌നെസ്സിന്റെ പേരിൽ മാപ്പ് പറയേണ്ടി വന്നുവെന്നും വ്യക്തമാക്കി.
'ഇന്നത്തെ സിനിമകളിൽ ഹാസ്യകഥാപാത്രങ്ങൾ കുറഞ്ഞുവരുകയാണ്. അതുകൊണ്ടാണ് ഞാനൊക്കെ സീരിയസ് റോളുകൾ ചെയ്യുന്നത്. എപ്പോഴും ഹാസ്യകഥാപാത്രങ്ങൾ ചെയ്യാനാണിഷ്ടം. ആളുകളെ ചിരിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. ഇപ്പോഴൊന്നും ആരെയും കഷണ്ടിത്തലയനെന്നോ കറുത്തവനെന്നോ വിളിക്കാൻ പറ്റില്ല. പൊളിറ്റിക്കൽ കറക്ട്‌നെസ്സ് നോക്കണം. എപ്പോഴാണ് കേസ് വരികയെന്ന് പറയാൻ പറ്റില്ല.
ആളുകളുടെ ഹ്യൂമർസെൻസിനെ പൊളിറ്റിക്കൽ കറക്ട്‌നെസ്സ് നശിപ്പിച്ചു. ഒരുപാട് നിയന്ത്രണങ്ങളുള്ളിടത്ത് ഹാസ്യം വർക്ക് ഔട്ട് ആകില്ല. ചിലപ്പോൾ കുറച്ച് വിട്ടുവീഴ്ചകളൊക്കെ വേണ്ടി വരും. ഉപാധികളില്ലാതെ ഹാസ്യം അവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണം. അല്ലെങ്കിൽ അവ ഫലിക്കില്ല. എന്നുവെച്ച് ബോഡി ഷെയിമിങ് കുഴപ്പമില്ല എന്നല്ല. അത് നടക്കാൻ പാടില്ലാത്ത സംഭവമാണ്'- താരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.