രൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത അനിമൽ ബോക്സോഫീസിൽ വലിയ വിജയം നേടിയെങ്കിലും ചിത്രത്തിന് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. ഇപ്പോഴിതാ സനിമയുടെ പേരിൽ ഒരുപാട് വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നുവെന്ന് പറയുകയാണ് നടി തൃപ്തി ദ്രിമി.ഇങ്ങനെ വിമർശനങ്ങൾ കേൾക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും ദിവസങ്ങളോളം ഇതിന്റെ പേരിൽ കരഞ്ഞിട്ടുണ്ടെന്നും തൃപ്തി പറഞ്ഞു.
'അനിമൽ പുറത്തിറങ്ങുന്നതിന് മുമ്പ് അധികം വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടില്ല, എന്നാൽ സിനിമ റിലീസ് ചെയ്തതിന് ശേഷം ഒരുപാട് നെഗറ്റീവ് കമന്റുകൾ കേൾക്കേണ്ടി വന്നു. വിമർശനങ്ങൾ കേൾക്കേണ്ടി വന്നുവെങ്കിലും ഞാൻ സന്തോഷവതിയാണ്. കാരണം ചിത്രത്തിൽ പ്രമുഖ വ്യക്തികൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു.
തുടക്കത്തിൽ ഇത്തരം കമന്റുകൾ എന്നെ വേദനിപ്പിച്ചിരുന്നു. കാരണം ഇതുപോലെയുള്ള വിമർശനങ്ങൾ കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു. മുമ്പ് പ്രേക്ഷകർ എന്റെ കഥാപാത്രങ്ങളെക്കുറച്ച് നല്ലത് മാത്രം പറഞ്ഞിരുന്നത്. അനിമൽ പുറത്തിറങ്ങുവരെ ഞാൻ വിചാരിച്ചത് ജനങ്ങൾ നല്ലതു മാത്രമേ പറയൂവെന്നാണ്. എന്നാൽ അനിമൽ സിനിമ വന്നതിന് ശേഷം ആകെ മാറി.
ഞാൻ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ കമന്റുകളും വായിക്കാറുണ്ട്. ഒരു മാസത്തോളം,എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. ഞാൻ എന്റെ ജോലിയാണ് ചെയ്തത്. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നത്. എനിക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല. പോസിറ്റീവ് കമന്റിനെക്കാൾ വിമർശനങ്ങളാണ് ഞാൻ അധികവും ശ്രദ്ധിച്ചത്.
അനിമൽ സിനിമ റിലീസ് ചെയ്തതിന് ശേഷം ഞാൻ രണ്ട്-മൂന്ന് ദിവസം ഒരുപോലെ കരഞ്ഞിട്ടുണ്ട്. എനിക്ക് ഇതൊന്നും ശീലമായിരുന്നില്ല. ഇത്രയും വലിയ വിമർശനം നേരിടേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ഞാൻ വളരെ സെന്‍സിറ്റീവ് ആയ വ്യക്തിയാണ്. ഒരാളോട് തര്‍ക്കിക്കുമ്പോള്‍ പോലും ഒന്നും പറയാറില്ല. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. എന്നെ ഇത് ഒരുപാട് ബാധിച്ചു. എത്രവേഗത്തിലാണ് ഓരോ കാര്യങ്ങളും മാറിമറയുന്നത്. ആ സമയത്ത് എനിക്ക് ഒരുപാട് ജോലികളുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഒരു സമയത്താണ് സംഭവിക്കുന്നത്. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു'-തൃപ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.