'ഹോം' സിനിമയിലൂടെ മലയാളികളെ വീണ്ടും അത്ഭുതപ്പെടുത്തിയ ഇന്ദ്രൻസ് എന്ന നടനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണിപ്പോൾ. ഉച്ച മുതൽ രാത്രി വരെ വിശ്രമമില്ലാതെ അഭിനയിച്ച ശേഷം പ്രതിഫലം വാങ്ങാതെ സ്നേഹം കൊണ്ട് ഇന്ദ്രൻസ് തന്നെ തോൽപ്പിച്ച കഥ വിവരിക്കുകയാണ് പ്രോജക്ട് ഡിസൈനറും നിർമ്മാതാവുമായ എൻ.എം. ബാദുഷ. ബാദുഷയും ഭാര്യ മഞ്ജുവും നിർമ്മിക്കുന്ന 'മെയ്ഡ് ഇൻ കാരവാൻ' എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് പ്രതിഫലം വേണ്ട, സ്നേഹം മതി എന്ന് ഇന്ദ്രൻസ് പറഞ്ഞത്.
'ഹോമി'ൽ നിന്നും എന്‍റെ 'മെയ്ഡ് ഇൻ കാരവാനി'ൽ വന്ന് എന്‍റെ സിനിമയെ പൂർണതയിൽ എത്തിച്ചു. ഇന്ദ്രൻസ് ചേട്ടാ എന്ത് പാവമാണ് നിങ്ങൾ. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എന്‍റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്. എത്തിയ ഉടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു.
ഷൂട്ടിങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിർമ്മിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ. ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി. ആ സ്നേഹത്തിനുമുന്നിൽ എന്‍റെ കണ്ണുകൾ നിറഞ്ഞു പോയി. 'ഹോമി'ൽ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു, നന്ദി ഇന്ദ്രൻസ് ചേട്ടാ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.