മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി;' ഫുട്ടേജ്' ചിത്രത്തിന്റെ ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല, പ്രതികരണവുമായി നിർമാതാക്കൾ

ഷൂട്ടിങ് ലൊക്കേഷനിൽ മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് മഞ്ജു വാര്യർക്കും നിർമാണ കമ്പനിയായ മൂവി ബക്കറ്റിനും വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി. മഞ്ജു വാര്യരും ബിനീഷ് ചന്ദ്രനും ചേർന്ന് നിർമിക്കുന്ന ഫുട്ടേജ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിക്ക് പരിക്കേറ്റിരുന്നു.പരിക്കേറ്റ ശീതളിന് കാര്യായ രീതിയിൽ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരമായി നൽകമെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.

ഫുട്ടേജിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചിമ്മിനി വനമേഖലയിലായിരുന്നു ശീതള്‍ തമ്പി അഭിനയിച്ചത്. ഷൂട്ടിങ്ങിനിടയില്‍ ഫൈറ്റ് സീനില്‍ ശീതള്‍ അഭിനയിച്ചിരുന്നു. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ സീനെല്ലാം ഷൂട്ട് ചെയ്യുന്നത്. എന്നാല്‍ മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ പരിക്കുണ്ടായിയെന്നും നോട്ടീസില്‍ പറയുന്നു.

സെറ്റിൽ ആംബുലന്‍സ് ഇല്ലായിരുന്നു. പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നെന്നും നടി പറയുന്നു.ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചെലവായി.  മൂവി ബക്കറ്റ് നിര്‍മാണ കമ്പനി പല ഘട്ടങ്ങളിലായി ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രമാണ് നല്‍കിയത്.നിലവില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

അതേസമയം നടി ശീതൾ തമ്പിയുടെ പരാതിയൽ പ്രതികരിച്ച് ഫൂട്ടേജ് സിനിമയുടെ നിർമാതാക്കൾ എത്തിയിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോൾ വേണ്ട ചികിത്സ നൽകിയെന്നും പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നൽകിയെന്നും നിർമാതാക്കളായ മൂവി ബക്കറ്റ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. മഞ്ജു വാര്യർക്കും നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടി ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ ഡബ്ല്യൂസിസിയുടെ പ്രസ്താവനക്കുറിപ്പ് മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു.'അനിവാര്യമായ വിശദീകരണം' എന്ന് കുറിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്തത്

ഡബ്ല്യുസിസിയുടെ പ്രസ്താവന
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തിൽ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം പേജുകൾ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയും ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങൾ മനസിലാക്കി അവ പരിഹരിക്കുവാൻ മുൻകൈ എടുക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ മാധ്യമങ്ങളുടെ ഹൈലൈറ്റുകളിൽ "ഡബ്ല്യുസിസി മുൻ സ്ഥാപക അംഗത്തിൻ്റേത്" എന്ന് പറയുന്ന മൊഴികൾക്ക് പിറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി.

അതിജീവിതയ്ക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് ഡബ്ല്യുസിസി കരുതുന്നു. മറിച്ച് പറയുന്നത് പുരുഷാധിപത്യത്തിൻ്റെ പൊതു രീതിയാണ്. ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്കൃത ഘടകങ്ങൾ, പ്രസ്തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.

കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങി നിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടത്.
Tags:    
News Summary - Actrss Sheetal Thambi Sent A legal Notice To Manju Warrier And Footage Movie Production House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.