നടൻ അജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര. ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. പതിവ് പരിശോധനക്കായിട്ടാണ് ആശുപത്രിയിൽ എത്തിയതെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും മനേജർ കൂട്ടിച്ചേർത്തു.
അതേ സമയം ബ്രെയിൻ ട്യൂമറിന്റെ ഓപ്പറേഷൻ സംബന്ധിച്ച് വന്ന വാർത്തകൾ ശരിയല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.'വിദേശത്ത് പോകുന്നതിന് മുമ്പ് അജിത്ത് സ്ഥിരമായി വൈദ്യപരിശോധനക്ക് വിധേയമാകാറുണ്ട്. പരിശോധനയിൽ ചെവിക്ക് താഴെ ഞരമ്പുകൾക്ക് ബലക്കുറവുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. അതിനുള്ള ചികിത്സ നൽകുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തെ ഐ.സി.യുവിൽ നിന്ന് സാധാരണ വാർഡിലേക്ക് മാറ്റി. ഇന്ന് രാത്രിയോ നാളെ രാവിലെയോ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും'- സുരേഷ് ചന്ദ്ര പറഞ്ഞു.
കലാസംവിധായകൻ മിലന്റെ വിയോഗത്തിന് ശേഷമാണ് അജിത്ത് തന്റെ ആരോഗ്യത്തെ ഗൗരവമായി കാണാൻ തുടങ്ങിയതെന്നും മനേജർ വ്യക്തമാക്കി. 'മിലൻ മരിക്കുന്നതിന് അരമണിക്കൂറിന് മുമ്പ് അജിത്തിനെ കണ്ടിരുന്നു. അദ്ദേഹത്തെ പെട്ടെന്നുള്ള വിയോഗം ഏറെ തകർത്തു, അതിന് ശേഷമാണ് ആരോഗ്യ പരിശോധനകൾ കൂടുതൽ ഗൗരവമായി എടുക്കാൻ തുടങ്ങിയത്'- സുരേഷ് കൂട്ടിച്ചേർത്തു.
അജിത്തും ഭാര്യയും നടിയുമായ ശാലിനിയും ആശുപത്രി സന്ദർശിക്കുന്നതിന്റെ വിഡിയോ വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നടന്റെ ആരോഗ്യനില മോശമാണെന്ന് കരുതി ആരാധകർ ആശങ്കാകുലരായി. തുടർന്ന് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി.
വിടാമുയര്‍ച്ചി എന്ന സിനിമയിലാണ് അജിത്തിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അസര്‍ബൈജാനിലേക്ക് ചിത്രീകരണത്തിന് പോകുന്നതിന് മുന്നോടിയായാണ് പരിശോധനയ്ക്കായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.