സമീപകാലത്ത് ഏറ്റവും മികച്ച അഭിപ്രായം ലഭിച്ച വെബ് സീരീസുകളിൽ ഒന്നാണ് സെയ്ഫ് അലി ഖാൻ നായകനായ താണ്ഡവ്. പക്ഷെ, ആമസോൺ പ്രൈമിൽ റിലീസ് ചെയ്തയുടനെ താണ്ഡവ് വിവാദത്തിലേക്ക് കുപ്പുകുത്തി. ഹിന്ദു ദൈവങ്ങളെ അവഹേളിച്ചെന്ന് ആരോപിച്ച് സീരീസിനെതിരെ സമൂഹ മാധ്യമങ്ങളിൽ ബഹിഷ്കരണ ആഹ്വാനങ്ങളുമായി സംഘപരിവർ അനുകൂലികൾ എത്തുകയായിരുന്നു. നടൻ സെയ്ഫ് അലിഖാന് എതിരെയും സംവിധായകൻ അലി അബ്ബാസ് സഫറിനെതിരെയുമാണ് കൂടുതൽ സൈബർ ആക്രമണമുണ്ടായത്. ഇരുവരുടെയും 'മുസ്ലിം പേര്' എടുത്തുപറഞ്ഞായിരുന്നു ചിലർ അധിക്ഷേപിച്ചത്.
താണ്ഡവിനെതിരെ കനക്കുന്ന വിവാദങ്ങൾക്ക് പിന്നാലെ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതായി ആരോപിക്കപ്പെടുന്ന രംഗങ്ങൾ അണിയറപ്രവർത്തകർ നീക്കം ചെയ്തതിരുന്നു. അതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് പ്രമുഖ നടൻ മനോജ് ബാജ്പേയ്. ''ഞാൻ ആ ഷോ കണ്ടിട്ടില്ല. അതിെൻറ മെയ്ക്കേഴ്സ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ, അത് അവരുമായി ബന്ധപ്പെടുന്ന വിഷയമാണ്. ക്രിയേറ്റീവ് കണ്ടൻറിെൻറ കാര്യത്തിൽ ആളുകൾ കുറച്ച് ഷമ കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. എന്തെങ്കിലും വിഷയം അവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അതിൽ അഭിപ്രായം അറിയിക്കാം. എന്നാൽ, നിരോധിക്കാനോ, ബഹിഷ്കരിക്കാനോ ആവശ്യപ്പെടരുത്. നിരോധനവും ബഹിഷ്കരണവും ഇൻഡസ്ട്രിക്കോ ഇൗ സമൂഹത്തിനോ യാതൊരു ഗുണവും ചെയ്യില്ലെന്നും'' അദ്ദേഹം വ്യക്തമാക്കി.
എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ വരാറുണ്ട്. എന്നാൽ, ആരോഗ്യകരമായ സംവാദവും സംസാരവുമൊക്കെ ആരോഗ്യകരമായ ജനാധിപത്യത്തിെൻറ അടയാളമാണെന്ന് വിശ്വസിക്കുന്നതിനാൽ ഞാൻ അവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാറില്ല. -രണ്ട് തവണ ദേശീയ അവാർഡ് നേടിയ നടൻ കൂടിയായ മനോജ് ബാജ്പേയ് കൂട്ടിച്ചേർത്തു.
മനോജ് ബാജ്പെയ് നായകനായ ഫാമിലി മാൻ എന്ന സീരീസും ഒടിടി സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന് നേരെയും ഒരു ഘട്ടത്തിൽ സംഘപരിവാർ അനുകൂലികൾ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തുകയുണ്ടായി. താണ്ഡവ് വിവാദത്തിലായതിന് പിന്നാലെ, ഫാമിലി മാനിെൻറ രണ്ടാം സീസൺ റിലീസ് വൈകിപ്പിച്ചത് വാർത്തയായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.