കൊച്ചി: ബറോസ് മലയാള സിനിമയോ ഇന്ത്യൻ സിനിമയോ അല്ലെന്നും അന്താരാഷ്ട്ര നിലവാരത്തിൽ എങ്ങനെ ഒരുക്കാമെന്നാണ് ചിന്തിക്കുന്നതെന്നും മോഹൻലാൽ.
ബറോസ് ഈ വര്‍ഷം സെന്‍സര്‍ ചെയ്യാനാണ് ശ്രമം. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകൾ നടക്കുന്നത് വിദേശത്താണ്. പോസ്റ്റ് പ്രൊഡക്ഷന്‍ തായ്‍ലന്‍ഡിലും മിക്സിങ് ലോസ് ഏഞ്ചല്‍സിലുമാണ് നടക്കുന്നത്. സംഗീതത്തിന് വലിയ പ്രാധാന്യമാണ് സിനിമയില്‍. ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ പുറത്തിറങ്ങുമെന്നും മോഹന്‍ലാല്‍. ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും ഇന്ത്യൻ സിനിമ എന്നുള്ള രീതിയിൽ ചെയ്യാൻ പറ്റില്ല. അത്രയും വലിയ സാധ്യതകളാണുള്ളത്. ആ സാധ്യതയെ വിട്ടുകളയാൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബറോസ് ഫാന്റസി ത്രീ ഡി ചിത്രമാണ്. എല്ലാവിധ സാധ്യതകളുമുള്ള ചിത്രമാണിത്. പ്രത്യേക ഭാഷയോ കാര്യങ്ങളോ ഒന്നുമില്ല. പീരിയോഡിക് ചിത്രംകൂടിയാണ്. ഇന്ത്യയിൽ ഇങ്ങനെയൊരു വിഷയം ആദ്യമായിട്ടായിരിക്കും വരുന്നത്. കാത്തിരിപ്പിന്റെയും വിശ്വാസത്തിന്റേയുമൊക്കെ സന്ദേശമുള്ള സിനിമയാണ് ബറോസ്. ബറോസിന്റെ വിജയമനുസരിച്ചാണ് ഭാവിയിലെ ചിത്രങ്ങൾ പ്ലാൻ ചെയ്യുക. എന്തായാലും ഒരു വിഷ്വൽ ട്രീറ്റായിരിക്കും ബറോസ്. മോഹൻലാൽ പറഞ്ഞു.
സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുള്ള ആളൊന്നുമല്ല. സിനിമ സംവിധാനം ചെയ്യാൻ നല്ല അറിവും ദൃഢവിശ്വാസവും വേണം. ത്രീ ഡി ചിത്രമെന്ന് കേട്ടപ്പോഴാണ് അതിലേക്ക് ഒരാകർഷണം വന്നത്. വേറെ പലരുടേയും പേര് പറഞ്ഞിട്ട് അവസാനം സ്വയം ചെയ്തുകൂടേ എന്ന ഉൾവിളി വന്ന സമയമായി. അങ്ങനെയാണ് ചിത്രം സംവിധാനം ചെയ്തത്.
മരയ്ക്കാറും ലൂസിഫറുമെല്ലാം വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടു. നമുക്കിനിയും താഴേക്ക് വരാൻ പറ്റില്ല. ഇനിയും മുകളിലേക്കുള്ള സിനിമകളേ ചെയ്യാൻ പറ്റൂ. എലോൺ ഓ.ടി.ടിയിൽ വരുന്നുണ്ട്. മോൺസ്റ്റർ വരുന്നുണ്ട്. കമ്മിറ്റ് ചെയ്തതെല്ലാം വലിയ സിനിമകളാണ്. ഒരുപാട് സാധ്യതകൾ മുന്നിൽക്കണ്ടാണ് ദുബൈയിൽ ആശീർവാദിന്റെ ഓഫീസ് തുടങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.