ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെതിരെ കേസ്. യുവജന ശ്രമിക റയ്തു കോൺഗ്രസ് പാർട്ടി എം.എൽ.എ രവി ചന്ദ്ര കിഷോർ റെഡ്ഡിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വീട്ടിലെത്തിയ അല്ലുവിനെതിരെയാണ് കേസെടുത്ത്.
അനുമതിയില്ലാതെ അല്ലു അർജുൻ പങ്കെടുത്ത പരിപാടിയിൽ വലിയ ആൾക്കൂട്ടത്തെ എം.എൽ.എ എത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന ആന്ധ്രാപ്രദേശിൽ ഇത്തരം പരിപാടികൾ നടത്തുന്നതിന് പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വാങ്ങണം. എന്നാൽ, ഇത് വാങ്ങാതെയാണ് എം.എൽ.എയായ രവിചന്ദ്ര കിഷോർ റെഡ്ഡി അല്ലുവിനെ പരിപാടിക്കായി എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ആന്ധ്ര പൊലീസ് കേസെടുത്തത്.
അല്ലു അർജുനെ കാണാൻ കിഷോർ റെഡ്ഡിയുടെ വീട്ടിൽ വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. സുഹൃത്തുക്കൾക്ക് വേണ്ടിയാണ് താൻ ഇവിടെ എത്തിയതെന്ന് ആരാധകരോട് അല്ലു അർജുൻ പറഞ്ഞു.
തന്റെ സുഹൃത്തുക്കൾ എത് മേഖലയിലാണെങ്കിലും അവർക്കായി എത്തും. തന്റെ സഹായം അവർക്ക് ആവശ്യമുണ്ടെങ്കിൽ അത് നൽകും. പക്ഷേ താൻ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയെ പിന്തുണക്കുന്നുവെന്ന് അത് അർഥമാക്കുന്നില്ലെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു. അതേസമയം, അനുമതി വാങ്ങാതെ അല്ലു അർജുനെ പോലൊരു സൂപ്പർ താരത്തെ പരിപാടിക്കെത്തിച്ചതിൽ എം.എൽ.എക്കെതിരെയും വിമർശനം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.