മുടക്കുമുതൽ തിരികെ നൽകിയില്ല; ‘മഞ്ഞുമ്മൽ‌ ബോയ്സ്’ നിർമാതാക്കൾ‌ക്കെതിരെ കേസ്​

മരട്: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ നിർമാതാക്കൾക്കെതിരെ മരട് പൊലീസ് കേസെടുത്തു. പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

എറണാകുളം സബ് കോടതിയുടെ ഉത്തരവുപ്രകാരമാണ് നിർമാതാക്കൾക്കെതിരെ കേസ് എടുത്തത്. നേരത്തേ പറവ ഫിലിംസിന്റെ 40 കോടി രൂപ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തത്.

സിനിമക്ക്​ മുടക്കിയ പണമോ ലാഭവിഹിതമോ നൽകിയില്ലെന്ന് ആരോപിച്ച്​ ആലപ്പുഴ അരൂർ സ്വദേശി സിറാജ് കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രത്തിന്റെ നിർമാണത്തിന് സിറാജ് ഏഴുകോടി രൂപ മുതൽമുടക്കിയിരുന്നു. 40 ശതമാനം ലാഭവിഹിതം വാഗ്ദാനംചെയ്ത്​ നിർമാതാക്കൾ പണം കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുടക്കിയ പണമോ നൽകാതെ കബളിപ്പിച്ചെന്നാണ് പരാതി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കളക്ഷൻ നേടി. ഒ.ടി.ടി പ്ലാറ്റ്​ഫോമുകൾ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടി. നിർമാതാക്കൾ ഒരു തുകയും ചെലവാക്കിയിട്ടില്ലെന്നും 22 കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഏഴുകോടി രൂപ വാങ്ങിയതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Case against the producers of manjummel boys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.