ഏഴാം ദിനത്തിൽ 1.9 കോടി നേടി ചന്ദ്രമുഖി 2

ബോക്‌സ് ഓഫീസ് കളക്ഷനിൽ ഏഴ് ദിവസം കൊണ്ട് ചന്ദ്രമുഖി 2 നേടിയത് 1.9 കോടി രൂപ. ഇതുവരെ ഇന്ത്യയിൽ ഏകദേശം 33 കോടി രൂപ ചിത്രം നേടി. കങ്കണയെയും രാഘവ ലോറന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2 സെപ്റ്റംബർ 28 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ലൈക പ്രൊഡക്ഷൻസും സുബാസ്‌കരനും ചേർന്ന് നിർമ്മിച്ച ചന്ദ്രമുഖി 2 തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്തത്.

ചിത്രം ഇറങ്ങിയതുമുതൽ നിരവധി നെഗറ്റീവ് പ്രതികരണമാണ് ലഭിക്കുന്നതെങ്കിൽ കൂടിയും ചിത്രത്തിന് കാഴ്ചക്കാർ ഏറെയാണെന്നാണ് കണക്കുകൾ പറയുന്നത്. ലൈക പ്രൊഡക്ഷന്‍റെ മാര്‍ക്കറ്റിംഗ് വിജയകരമായി നടക്കുന്നതാണ് ഇതിനൊരു കാരണമായി സോഷ്യല്‍ മീഡിയ പറയുന്നത്. ഒപ്പം മത്സരിക്കാന്‍ വലിയ ചിത്രങ്ങളും ഇല്ല എന്നത് ചന്ദ്രമുഖി 2ന് ഗുണകരമായി. ചന്ദ്രമുഖി 2 ആദ്യ ദിവസം 8.25 കോടിയാണ് ഇന്ത്യയിൽ മാത്രം നേടിയത്. ഏഴാം ദിവസം ഇന്ത്യയിൽ 1.9 കോടി നേടി. ഇതുവരെ എല്ലാ ഭാഷകളിലുമായി ഇന്ത്യയിൽ നിന്ന് 32.95 കോടി രൂപയാണ് ചിത്രം നേടിയത്.

ഇതോടൊപ്പം കങ്കണയുടെയും രാഘവ ലോറന്‍സിന്‍റെയും പ്രകടനം വിമര്‍ശനം നേരിടുന്നുണ്ട്. ഒപ്പം തന്നെ ചിത്രത്തിന്‍റെ ഗ്രാഫിക്സ് സംബന്ധിച്ചും വിമര്‍ശനം ഉയരുന്നുണ്ട്. മണിച്ചിത്രത്താഴിന്‍റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും സംവിധാനം. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി. ചന്ദ്രമുഖി 2 എന്ന പേരില്‍ ഒരു സീക്വല്‍ 2020ല്‍ പ്രഖ്യാപിച്ചിരുന്നതാണ്.

പി വാസുവിന്‍റെ സംവിധാനത്തില്‍ രജനീകാന്തും രാഘവ ലോറന്‍സും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പിന്നീട് ഔദ്യോഗിക പ്രഖ്യാപനം എത്തിയപ്പോള്‍ താരനിരയില്‍ രജനീകാന്ത് ഉണ്ടായിരുന്നില്ല. 

Tags:    
News Summary - Chandramukhi 2 collected 1.9 crores on the 7th day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.