ഹോളിവുഡ് സൂപ്പർതാരം ലിയനാർഡോ ഡികാപ്രിയോയുമായുള്ള രൂപ സാദൃശ്യം കാരണം ഇന്‍റർനെറ്റിൽ തരംഗമായ റഷ്യക്കാരനാണ് റോമൻ ബുർത്സവ്. എന്നാൽ, 39 കാരനായ റോമന് കോവിഡ് കൊടുത്തത് മുട്ടൻ പണിയാണ്. കൊറോണ വൈറസ് തന്‍റെ കരിയർ തന്നെ നശിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിക്ക് മുമ്പ് ആളുകൾ റോമനൊപ്പം സെൽഫിയെടുക്കാൻ മത്സരിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ ആളുകൾ തന്നെ മറന്നുപോയെന്നാണ് കരുതുന്നതെന്ന് റോമൻ പറയുന്നു. മാതാപിതാക്കൾക്കൊപ്പം ഇപ്പോൾ രണ്ട് മുറി ഫ്ലാറ്റിൽ താമസിക്കുകയാണ് റോമൻ.
കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ആൾകൂട്ടവും സെൽഫിയെടുപ്പും അഭിമുഖങ്ങളുമെല്ലാം കുറഞ്ഞതോടെ ഫ്ലാറ്റിൽ വെറുതെയിരുന്ന് തടികൂടി. വൈറൽ താരമായിരുന്ന സമയത്ത് ചില പരസ്യ കമ്പനികളുമായി കരാറിലൊപ്പിട്ടിരുന്നു. എന്നാൽ, തടി കുറക്കാൻ കഴിയാതെ വന്നതോടെ അതും നഷ്ടമായി. 'ഞാൻ തടി കുറയ്ക്കാൻ ഒരുപാട് വഴികൾ നോക്കി. ഒടുവിൽ സ്വന്തമായി ഒന്ന് കണ്ടെത്തി, ഇപ്പോൾ പഴയ രൂപത്തിലേക്ക് മാറാനുള്ള പരിശ്രമത്തിലാണ്. -റോമൻ പറഞ്ഞു.
റോമൻ ബുർത്സവ് നിരവധി പരസ്യങ്ങളിൽ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ, കോവിഡ് മഹാമാരി അന്താരാഷ്ട്ര തലത്തിൽ തന്‍റെ പ്രശസ്തി ഉയരുന്നതിന് തടസ്സം സൃഷ്ടിച്ചതായും അദ്ദേഹം പറയുന്നു. ഫോട്ടോഷൂട്ടുകൾക്കും മറ്റ് ഷൂട്ടുകളിലും പങ്കെടുക്കാനായി നിരന്തരം അവധികൾ ചോദിച്ചതിനെ തുടർന്ന് റോമന് ജോലിയും നഷ്ടപ്പെട്ടിരുന്നു. എന്തായാലും മഹാമാരിയൊഴിഞ്ഞ് തടിയൊക്കെ കുറച്ച് പഴയ വൈറൽ താരമായി തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ റോമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.