കൊച്ചി: ജനറൽ സെക്രട്ടറി ഇടവേള ബാബുവിെൻറ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് താരസംഘടനയായ 'അമ്മ'യിൽനിന്ന് രാജിവെച്ച നടി പാർവതി തിരുവോത്തിന് പിന്തുണയുമായി സാംസ്കാരിക, രാഷ്ട്രീയ പ്രമുഖർ.
രാജിവെക്കാൻ തേൻറടം കാണിച്ച മികച്ച അഭിനേത്രിയായ പാർവതിയെ അഭിനന്ദിക്കുന്നതായി സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിച്ചു. ഭൗതികനഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിട്ടും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽനിന്നാണ് യഥാർഥ സ്ത്രീത്വം എന്താണെന്ന് സിനിമരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്. പാർവതിയുടെ സ്ത്രീപക്ഷ നിലപാടിനെ മാനിക്കുന്നു എന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.
ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്കും തൊഴിലിലേക്കും പതിന്മടങ്ങ് ഊർജത്തോടെ തിരിച്ചുവന്ന ഒരു പെൺകുട്ടി നമുക്കിടയിലുണ്ടെന്നും അതിനാൽ പുറപ്പെട്ടുപോയ ഈ വാക്കിെൻറ പേരിൽ നിങ്ങൾ അവളോടും പൊതുസമൂഹത്തോടും മാപ്പ് പറയേണ്ടതുണ്ടെന്നും സംവിധായിക വിധു വിൻസൻറ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നിലപാടുകൾ തേൻറടത്തോടെ ഉറക്കെ പറയാൻ വേണം നമുക്ക് പെൺകുട്ടികൾ, പാർവതിയെപ്പോലെ എന്നായിരുന്നു മുൻ മന്ത്രി പി.കെ. ശ്രീമതിയുടെ പ്രതികരണം. മരിച്ചുപോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാർഥ്യങ്ങളിലൂടെ കടന്നുപോയ ഒരു പെൺകുട്ടിക്ക് ഉണ്ടാക്കുന്ന വേദന, മരവിച്ചുപോയ മനസ്സുള്ളവർക്ക് മാത്രമേ മനസ്സിലാക്കാൻ പറ്റാതെ പോകൂ എന്ന് നടൻ ഹരീഷ് പേരടി കുറിച്ചു.
ആണധികാരത്തിെൻറ അന്തസ്സില്ലായ്മയോട്, മൂലധനത്തിെൻറ ദുരധികാരവാഴ്ചയോട് ജീവിതംകൊണ്ട് പൊരുതുന്ന സ്ത്രീകൾക്കിടയിൽ നിങ്ങളെയും ചരിത്രം അടയാളപ്പെടുത്തുമെന്നായിരുന്നു ആർ.എം.പി നേതാവ് കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പാർവതി മുന്നോട്ടുവെക്കുന്ന വിഷയങ്ങൾ മലയാള സിനിമ, സാംസ്കാരിക ലോകം സത്യസന്ധമായി ചർച്ച ചെയ്യണമെന്നും നഷ്ടങ്ങളുടെ സാധ്യതകൾ മുന്നിലുണ്ടായിട്ടും കൃത്യമായ നിലപാട് സ്വീകരിക്കുക എന്നതാണ് യഥാർഥ ധീരതയെന്നും വി.ടി. ബൽറാം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.