മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം എമ്പുരാന്റെ വേൾഡ് വൈഡ് റിലീസിന്‍റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ് ഓസ്ട്രേലിയ. ജി.സി.സി, അമേരിക്കൻ എന്നിവ ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് എമ്പുരാന് വേണ്ടി സൈബർസിസ്റ്റംസ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
കഴിഞ്ഞ 11 വർഷങ്ങളായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ടീം ആണ് ഷിബു ജോണിന്‍റെ നേതൃത്വത്തിലുള്ള സൈബർസിസ്റ്റംസ് ഓസ്ട്രേലിയ. ഓരോ രാജ്യത്തെയും സമയമനുസരിച്ച് റിലീസുകളിൽ മാറ്റമുണ്ടാകും. മാർക്കോ, ബാറോസ്, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാ ചിത്രം, പണി, മഞ്ഞുമ്മൽ ബോയ്സ്, മലൈകൊട്ടെ വാലിബൻ, ലിയോ, റിലീസിന് ഒരുങ്ങുന്ന മരണമാസ്സ്, ലൗലി തുടങ്ങി ഒട്ടനവധി സിനിമകളുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്തിരിക്കുന്നത് സൈബർസിസ്റ്റംസ് ഓസ്ട്രേലിയ ആണ്.
പ്രധാനമായും ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിതരണ അവകാശമാണ് സൈബർസിസ്റ്റംസ് ഇതുവരെ ചെയ്തിട്ടുള്ളത്. ഇതാദ്യമായാണ് എമ്പുരാനിലൂടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കുന്നത്. ഇന്ത്യയിൽ ആദ്യ ഷോ മാർച്ച് 27ന് പുലർച്ചെ ആറ് മുതലായിരിക്കും ആരംഭിക്കുന്നതെന്ന് ചിത്രത്തിന്‍റെ നിർമാതാക്കൾ പറഞ്ഞിരുന്നു. കൂടാതെ എമ്പുരാന്‍റെ റിലീസിന് മുന്നോടിയായി മാർച്ച് 20ന് ചിത്രത്തിന്‍റെ ആദ്യ ഭാഗമായ 'ലൂസിഫർ' റീ-റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയവരോടൊപ്പം നിരവധി വിദേശ താരങ്ങളും എമ്പുരാനിൽ അണിനിരക്കുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമക്ക് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.