ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് വിക്രം നായകനായി എത്താനിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. നവംബര്‍ 24നാണ് സിനിമ റിലീസ് ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
സൂര്യയെ നായകനാക്കി ആദ്യം 2013 ല്‍ ആലോചിച്ച ധ്രുവനച്ചത്തിരം പിന്നാലെ ഉപേക്ഷിക്കപ്പെട്ടു. 2015ല്‍ പല താരങ്ങളെയും നോക്കിയ ശേഷം അവസാനം വിക്രമിനെ ഉറപ്പിച്ചു. ഗൗതം മേനോന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം 2016ല്‍ ചിത്രീകരണം തുടങ്ങിയിട്ടും അദ്ദേഹത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം പലതവണ മുടങ്ങുകയായിരുന്നു.
ചിത്രത്തിന്‍റെ ഈ വൈകൽ ചൂണ്ടിക്കാട്ടി എക്സിൽ ഉയർന്ന ഒരു പരിഹാസത്തിന് മറുപടിയുമായി സംവിധായകൻ തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. ‘ധ്രുവനച്ചത്തിരം പ്രഖ്യാപിക്കപ്പെട്ട സമയത്ത് ഞാന്‍ കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു. ഇന്ന് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമായി ഞാനൊരു ബഹുരാഷ്ട്ര കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നു. എങ്ങനെയാണ് നിങ്ങളുടെ ജീവിതം (ഇക്കാലയളവില്‍) മാറിയത്?’ എന്നായിരുന്നു കീര്‍ത്തി വെങ്കടേശന്‍ എന്നയാളുടെ എക്സിലെ പോസ്റ്റ്. പ്രസ്തുത പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഗൗതം മേനോന്‍റെ മറുപടി.
‘ഇക്കാലത്തിനിടെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഞാന്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടു. നാല് ആന്തോളജി ചെറു ചിത്രങ്ങളും അഞ്ച് മ്യൂസിക് വീഡിയോകളും ഇക്കാലയളവില്‍ ചെയ്തു. ഒരു സിക്സ്ത്ത് സെന്‍സും രൂപപ്പെട്ടു’- ഗൗതം മേനോന്‍ കുറിച്ചു.
വന്‍ പ്രതികരണമാണ് ഈ പോസ്റ്റിന് ട്വിറ്ററില്‍ ലഭിച്ചത്. 19000 ല്‍ അധികം ലൈക്കും 2300 ല്‍ അധികം ഷെയറും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഗൗതം മേനോന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ധ്രുവനച്ചത്തിരം സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. 11 പേര് അടങ്ങുന്ന അണ്ടര്‍ കവര്‍ ഏജന്‍റ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
യുദ്ധ കാണ്ഡം എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗം ആണ് തിയറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുന്നത്. റിതു വര്‍മ്മ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍ രാധിക ശരത്‍കുമാര്‍, സിമ്രാന്‍, വിനായകന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.